ഗാർഹിക ജീവനക്കാർക്ക് തൊഴിൽ കരാർ നിർബന്ധമാക്കി സൗദി
മുസാനിദ് പോര്‍ട്ടല്‍ വഴി തൊഴിലാളി കരാറിലേര്‍പ്പെടണം
ദമ്മാം: സൗദിയില്‍ ഗാർഹിക ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി. ഹൗസ് ഡ്രൈവറടക്കമുള്ള എല്ലാ ഗാർഹിക തൊഴിലാളികളും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി കരാര്‍ രേഖപ്പെടുത്തണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
രാജ്യത്ത് ഗാർഹിക വിസയില്‍ ജോലിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സാധുവായ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് കരാര്‍ രേഖപ്പെടുത്തേണ്ടത്. ഇതുവരെ രാജ്യത്തേക്ക് പുതിയ വിസയില്‍ എത്തുന്ന ഗാര്‍ഹീക ജീവനക്കാര്‍ക്ക് മാത്രമാണ് നിബന്ധന ബാധകമായിരുന്നത്.
എല്ലാ തൊഴിലുടമകളും തങ്ങളുടെ ഗാര്‍ഹീക ജീവനക്കാര്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടെന്ന് മുസാനിദ് വഴി ഉറപ്പ് വരുത്തണം. ഇല്ലാത്തവര്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴില്‍ കരാര്‍ കാലാവധി, വേതനം, ഉത്തരവാദിത്വങ്ങള്‍, അവധി എന്നിവ നിര്‍ബന്ധമായും കരാറില്‍ രേഖപ്പെടുത്തിയിരിക്കണം. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും റിക്രൂട്ട്‌മെന്‍ര് നടപടികള്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.