2021ന് ശേഷം സൗദി കായിക മേഖലയിൽ ചിലവഴിച്ചത് 52000 കോടി രൂപ
ക്രിസ്റ്റ്യാനോ, നെയ്മർ. ബെൻസിമ എന്നീ താരങ്ങളെ സ്വന്തമാക്കാനായി മാത്രം 515 കോടി രൂപ ചിലവഴിച്ചു
റിയാദ്: 2021ന് ശേഷം സൗദി അറേബ്യ കായിക മേഖലയിൽ ചിലവഴിച്ചത് 52000 കോടി രൂപ. ഫുട്‌ബോൾ, ഗോൾഫ്, ബോക്‌സിങ്, മോട്ടോർസ്‌പോട്‌സ് എന്നീ മേഖലയിലാണ് കാര്യമായി പണമിറക്കിയത്. ഇതിന്റെ ഇരട്ടിയോളം വരവ് ഈ വർഷത്തോളം തിരികെ ലഭിക്കുമെന്നും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.
വിവിധ കായിക മേഖലകളിലായി സൗദി പണം ചിലവഴിക്കുന്നത് തുടരുകയാണ്. ഇതിൽ ഗോൾഫിൽ മാത്രം സൗദി ചിലവഴിച്ചത് 200 കോടി ഡോളറാണ്. അതായത് 16,000 കോടിയോളം രൂപ. രണ്ടാമത്തെ മേഖല ഫുട്‌ബോളാണ്. ഈ രംഗത്ത് സൗദിയിലെ വിവിധ സൂപ്പർ ക്ലബ്ബുകളെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ക്ലബ്ബുകൾ കായിക താരങ്ങളെ സ്വന്തമാക്കാനായി ചിലവഴിച്ച തുകയും ഭീമമാണ്. ക്രിസ്റ്റ്യാനോ, നെയ്മർ. ബെൻസിമ എന്നീ താരങ്ങളെ സ്വന്തമാക്കാനായി മാത്രം 515 കോടി രൂപ ചിലവഴിച്ചു. ഇതിന്റെ രണ്ടിരട്ടി ക്ലബ്ബുകൾ പരസ്യം, പ്രൊമോഷൻ, ടൂറിസം പദ്ധതി കാമ്പയിൻ എന്നിവയിലൂടെ തിരിച്ചു പിടിച്ചിട്ടുണ്ട്. ലയണൽ മെസ്സിയെ സൗദിയുടെ ടൂറിസം അംബാസിഡറാക്കിയതും ഈ വരുമാനം ലക്ഷ്യം വെച്ചാണ്.
ന്യൂ കാസിൽ ക്ലബ്ബിന്റെ 80% ഓഹരി സ്വന്തമാക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പൊട്ടിച്ചത് 3000 കോടി രൂപയാണ്. സൗദിയിലെ 63% ജനങ്ങളും 30 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഭൂരിഭാഗവും വിവിധ കായിക ഇനങ്ങളോട് അഭിനിവേശമുള്ളവർ. ഇതെല്ലാം മുന്നിൽ കണ്ടാണ് ഇത്രയധികം ഫണ്ട് ഇറക്കിയതെന്ന് സൗദി കായിക മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മൊത്തം ജനതയിലെ 40% പേരും വിവിധ കായിക ഇനങ്ങളിൽ പണം ചിലവഴിക്കാൻ താൽപര്യമുള്ളവരാണ്. സൗദിയിലെ എല്ലാ സ്‌പോർടസ് മത്സരങ്ങളുടേയും ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്നതും ഇതിനാലാണ്. ജിഡിപിയിലേക്ക് 2030ഓടെ മികച്ച വരവാണ് കായിക മന്ത്രാലയവും സൗദി ഭരണകൂടവും ലക്ഷ്യം വെക്കുന്നത്, ചിലവഴിച്ച പണം തിരികെ ഈ വർഷം മുതൽ ഇരട്ടിയോളമായി തിരികെ ലഭിക്കുന്നുവെന്ന് കായിക മന്ത്രാലയത്തിന്റെ പുതിയ സാമ്പത്തിക റിപ്പോട്ടുകളും ചൂണ്ടിക്കാട്ടുന്നു.