സൗദിയിൽ വിനോദ മേഖലയിലെ നിക്ഷേപത്തിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ
ഈ വർഷം ഇതുവരെയായി 5310 കൊമേഴ്ഷ്യൽ രജിസ്ട്രേഷനുകൾ ഈ മേഖലയിൽ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
റിയാദ്: സൗദിയിൽ വിനോദ മേഖലയിലെ നിക്ഷേപങ്ങളിൽ അതിവേഗ വളർച്ച തുടരുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെയായി വിനോദ മേഖലയിൽ അയ്യായിരത്തിലധികം കൊമേഴ്ഷ്യൽ രജിസ്ട്രേഷനുകൾ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മൂവായിരത്തിലധികം ലൈസൻസുകളും അനുവദിച്ചു.
രാജ്യത്ത് വിനോദ മേഖലയിലെ നിക്ഷേപങ്ങളിൽ വലിയ വർധനവ് രേഖപ്പെടുത്തി വരുന്നതായാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇതുവരെയായി 5310 കൊമേഴ്ഷ്യൽ രജിസ്ട്രേഷനുകൾ ഈ മേഖലയിൽ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്മെന്റ് പാർക്കുകൾ ആരംഭിക്കുന്നതിന് 683ഉം, എന്റർടൈൻമെന്റ് സെന്ററുകൾ ആരംഭിക്കുന്നതിന് 1351ഉം, വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിന് 3285ഉം ലൈസൻസുകൾ ഇതിനായി മന്ത്രാലയം അനുവദിച്ചു. ഇവയിൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ അനുവദിച്ചത് തലസ്ഥാനമായ റിയാദിലാണ്. രണ്ടാം സ്ഥാനത്ത് ജിദ്ദയുൾപ്പെടുന്ന മക്ക പ്രവിശ്യയും മൂന്നാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയുമാണുള്ളത്. ആഭ്യന്തര ഉൽപാദനത്തിൽ വിനോദ മേഖലയുടെ പങ്കിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 30 ശതമാനത്തിന്റെ അധിക വരുമാനമാണ് ഈ മേഖലയിൽ നിന്നും ലഭിച്ചത്.