സൗദി വിഷൻ 2030 പദ്ധതികൾ ലക്ഷ്യത്തിലേക്ക്
പ്രഖ്യാപിച്ച ആയിരത്തിലേറെ പദ്ധതികളിൽ 87 ശതമാനവും പൂർത്തീകരിക്കുകയോ ആസുത്രണം ചെയ്തത് പോലെ മുന്നേറുകയോ ചെയ്യുന്നതായി പ്രോഗ്രാം സമിതി വെളിപ്പെടുത്തി
ദമ്മാം: സൗദി ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ മിക്കവയും പൂർത്തീകരണത്തോട് അടുക്കുന്നതായി സൗദി അറേബ്യ. വിഷൻ 2030 പ്രഖ്യാപിച്ച് എട്ട് വർഷം പൂർത്തിയാകുന്ന വേളയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ആയിരത്തിലേറെ പദ്ധതികളിൽ 87ശതമാനവും പൂർത്തീകരിക്കുകയോ ആസുത്രണം ചെയ്തത് പോലെ മുന്നേറുകയോ ചെയ്യുന്നതായി പ്രോഗ്രാം സമിതി വെളിപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി 1064 സംരഭങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഇതിൽ 87 ശതമാനവും പൂർത്തീകരണത്തിന്റെ പാതിയിലാണ്. പദ്ധതി പ്രഖ്യാപിച്ച് എട്ട് വർഷം പിന്നിടുന്ന അവസരത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സമിതി പുറത്ത് വിട്ടത്.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്തിയിലുണ്ടായ വർധനവാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവ. 2016 ൽ 2.09 ട്രില്യൺ റിയാല് മൂല്യമുണ്ടായിരുന്ന പി.ഐ.എഫിന്റെ ആസ്തി 2024ൽ 2.81 ട്രില്യണിലേക്ക് ഉയർന്നു. ഉംറ തീർഥാടകരുടെ എണ്ണത്തിൽ രാജ്യം കൈവരിച്ച ചരിത്രപരമായ വർധനവ്, രാജ്യത്തെ എണ്ണമറ്റ പൈതൃക ഇടങ്ങൾ യുനസ്‌കോ പട്ടികയിൽ സ്ഥാനം പിടിച്ചത്. ടൂറിസം മേഖലയിൽ കൈവരിച്ച അഭൂതപൂർവ്വമായ വളർച്ച തുടങ്ങി നേട്ടങ്ങളേറെയാണ്. 2030ൽ രാജ്യം വേൾഡ് എക്സപോക്ക് ആതിഥേയത്വം വഹിക്കുന്നതോടെ വളർച്ചയും ലക്ഷ്യവും പാരമ്യത്തിലെത്തുമെന്നും സമിതി വ്യക്തമാക്കി.