ബഹ്റൈൻ ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിതാ ടെന്നീസ് താരം
ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ രണ്ട് സെറ്റുകളിൽ 6-4, 6-2 എന്ന സ്‌കോറിനാണ് ഈ മിടുക്കി തോൽപിച്ചത്
റഷ്യൻ എതിരാളിയെ തോൽപിച്ച് സൗദി വനിതാ ടെന്നീസ് താരം യാര അൽ-ഹഖ്ബാനി ബഹ്റൈനിൽ നടന്ന ജെ ഫൈവ് ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി. ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ രണ്ട് സെറ്റുകളിൽ 6-4, 6-2 എന്ന സ്‌കോറിനാണ് 17-കാരിയായ ഈ മിടുക്കി തോൽപിച്ചത്. ഇത് രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
2021ലെ ജെ ഫോർ ഇസ ടൗൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ എർമക്കോവയെ രണ്ട് സെറ്റുകൾക്ക് 6-1, 6-2 എന്ന സ്‌കോറിന് യാര അൽ-ഹഖ്ബാനി തോൽപിച്ചിരുന്നു. ഇപ്പോഴത്തെ ജയത്തോടെ അൽ-ഹഖ്ബാനിയുടെ വിജയ റെക്കോർഡ് അവൾ നേരിട്ട തോൽവികളെക്കാൾ മുകളിലെത്തി. ഇതുവരെ 21 തോൽവികളാണ് അവൾ നേരിട്ടത്. എന്നാൽ ജയം 22 ആയി ഉയർന്നു. നിലവിൽ ഇന്റർനാഷനൽ ടെന്നീസ് ഫെഡറേഷന്റെ (ഐ.ടിഴഎഫ്) 946-ാം റാങ്കിലാണ് യാര അൽ-ഹഖ്ബാനി.
ശനിയാഴ്ച നടന്ന ബഹ്റൈൻ ടൂർണമെന്റിന്റെ സെമിയിൽ ഇസ്രയേലിന്റെ ഇസബെൽ ബിലാസിനെയാണ് അൽ-ഹഖ്ബാനി പരാജയപ്പെടുത്തിയത്. 2004-ൽ ജനിച്ച യാര അൽ-ഹഖ്ബാനി പ്രഫഷനൽ തലത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ ടെന്നീസ് താരമാണ്. സ്ത്രീകൾക്കുള്ള നിരവധി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ പരിഷ്കാരങ്ങളെ തുടർന്ന് രാജ്യത്ത് ഒരു തരംഗം വീശിയടിക്കുന്നതിനിടയിൽ സ്പോർട്സ് രംഗത്ത് വനിതാ പങ്കാളിത്തം വൻതോതിൽ വർധിച്ചുവരികയാണ്.