സൗദിയിൽ ബസ് യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ; ലഗേജുകളിൽ പേര് വിവരങ്ങൾ രേഖപ്പെടുത്തണം
ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും
ജിദ്ദ: സൗദിയിലേക്കുള്ള ബസ് യാത്രക്കാർ ലഗേജുകളിൽ പേരു വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് നിർദേശം. ഇതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് അധികൃതർ അറിയിപ്പ് നൽകി തുടങ്ങി. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും.
കരാതിർത്തികളിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവരും തിരിച്ച് പോകുന്നവരുമായ ബസ് യാത്രക്കാർ തങ്ങളുടെ ലഗേജുകളിൽ യാത്രക്കാരൻ്റെ പേരുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തണം. ഇതു സംബന്ധിച്ച് ഗതാഗത സേവനം നൽകുന്ന ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് അറിയിപ്പ് നൽകാൻ സൗദി ചേംബർ ഓഫ് കൊമേഴ്‌സ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും.
കരാതിർത്തിയിലെ കസ്റ്റംസ് നടപടികൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. സക്കാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പാസ്പോർട്ട് വിഭാഗവുമായി സഹകരിച്ചാണ് പരിശോധന നടപടികൾ പൂർത്തിയാക്കുക. അതിർത്തി ചെക്ക് പോയിൻ്റുകളിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിൽ ബസ് വഴിയെത്തുന്ന യാത്രക്കാരെ സ്വീകരിക്കും. ഇവിടെ വെച്ച് യാത്ര രേഖകളും ലഗേജുകളും പരിശോധിച്ച ശേഷം മാത്രമേ യാത്ര തുടരാൻ അനുവദിക്കുകയുള്ളൂ. കള്ളക്കടത്ത് സംഘം ദുരുപയോഗം ചെയ്യാതിരിക്കാൻ ലഗേജുകൾ പൂർണമായും അടച്ച് പൂട്ടണമെന്നും അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.