എണ്ണ പ്ലാന്റുകളില്‍ പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി
ജിദ്ദ നഗരത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അരാംകോയുടെ പെട്രോളിയം ഉല്‍പന്ന വിതരണ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധ അണച്ചു തുടങ്ങി. തീ അണക്കാന്‍ സിവില്‍ ഡിഫന്‍സും അരാംകോയും സജീവമായി രംഗത്തുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 5.25നാണ് ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്.
രണ്ട് എണ്ണ ടാങ്കുകളിലാണ് തീ പടര്‍ന്നത്. മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ജിദ്ദയുടെ ആകാശത്ത് പടര്‍ന്ന കറുത്തപുക ഇന്നലെ വൈകുന്നേരത്തോടെ കുറഞ്ഞ് തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.
ഒന്നാം ടാങ്കിലെ തീ ഇന്നലെ ഉച്ചയോടെയാണ് അണച്ചത്. രണ്ടാം ടാങ്കിലെ തീ അണക്കുന്നത് തുടരുകയാണ്. ഒരു ദശലക്ഷം ബാരല്‍ ശേഷിയുള്ള ഭീമന്‍ ടാങ്കുകളിലാണ് തീ പടര്‍ന്നത്. അമ്പതിലധികം സിവില്‍ ഡിഫന്‍സ് യൂണിറ്റുകളാണ് തീ അണക്കാന്‍ രംഗത്തുള്ളത്. തീ മറ്റു ടാങ്കുകളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
ആക്രമണം ജനജീവിതത്തെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല. വാരാന്ത്യ പരിപാടികളെല്ലാം പതിവ് പോലെ നടന്നു. ജിദ്ദയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരവും നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ മാറ്റമില്ലാതെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എന്നാല്‍ ആക്രമണം പ്ലാന്റില്‍ നിന്നുള്ള എണ്ണ സംസ്‌കരണത്തേയും വിതരണത്തേയും ബാധിച്ചിട്ടുണ്ട്.