സൗദിയിൽ റോഡുകൾക്ക് ടോൾ ഈടാക്കുമെന്ന വാർത്ത നിഷേധിച്ച് മന്ത്രാലയം

റോഡ് നിർമാണം മെച്ചപ്പെടുത്താനാണ് പുതിയ അതോറിറ്റിയെ നിയമിച്ചത്

Update: 2022-08-05 14:59 GMT
Advertising

സൗദി അറേബ്യയിൽ റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകൾ ഗതാഗത മന്ത്രാലയം തള്ളി. ഒരു വർഷത്തിനുള്ളിൽ റോഡ് ടോൾ ഏർപ്പെടുത്തുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇക്കാര്യം ചർച്ചയിലില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം സൗദിയിലെ മന്ത്രിസഭ റോഡ് നിർമാണത്തിന് മാത്രമായി പ്രത്യേക അതോറിറ്റിയെ നിയോഗിച്ചിരുന്നു. റോഡ് പദ്ധതികളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണികളിലും മേൽനോട്ടം വഹിക്കലാണ് അതോറിറ്റിയുടെ ചുമതല. ഈ പദ്ധതിയിലും ടോൾ പിരിവിന്റെ കാര്യത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പരിശോധിക്കുന്നുണ്ടെന്നായിരുന്നു വാർത്ത.

ഹൈവേകളിലാണ് ഇത് നടപ്പാക്കുകയെന്നും സ്വകാര്യ ചാനൽ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വൈകാതെ സാമൂഹ്യ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചു. ഇതോടെയാണ് ഗതാഗത മന്ത്രാലയം വിശദീകണവുമായി രംഗത്തെത്തിയത്. രാജ്യത്ത് റോഡ് ശൃംഖലകൾ വികസിപ്പിക്കുന്നതിനായി പ്രത്യേക അതോറിറ്റി തുടങ്ങിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കും.

സൗദിയിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള ഒരു നീക്കവും നിലവിലില്ല. അടുത്ത വർഷം ടോൾ നടപ്പാക്കുമെന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വിശദീകരിച്ചു. പൊതു ഗതാഗത സംവിധാനങ്ങളായ ട്രെയിൻ, മെട്രോ, ബസ്, വിമാന സർവീസുകൾ സൗദിയിൽ വ്യാപകമാക്കുന്നുണ്ട്. റോഡിലെ തിരക്ക് കുറക്കാനും പൊതു ഗതാഗത സംവിധാനം കൂടുതൽ പേർ ഉപയോഗിക്കാനും നിയന്ത്രണങ്ങൾ വേണമെന്ന വാദങ്ങൾ സൗദിയിൽ നടന്ന വിവിധ നഗര പ്ലാനിങ് പദ്ധതി ചർച്ചകളിൽ ഉയർന്നിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News