സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണം 20 ശതമാനം വർധിച്ചു

മദീന വിമാനത്താവളം സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് സൗദി വ്യോമയാന മന്ത്രി

Update: 2024-05-20 18:27 GMT
Advertising

റിയാദ്: സൗദി അറേബ്യയിൽ വിമാനയാത്രക്കാരുടെ എണ്ണം 20 ശതമാനം വർധിച്ചതായി വ്യോമയാന മന്ത്രി. വരും വർഷങ്ങളിൽ റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂട്ടുന്നതിനും, കൂടുതൽ യാത്രക്കാരെ ഉൾകൊള്ളുന്നതിനുമായുള്ള നവീകരണ പദ്ധതികൾ നടപ്പിലാക്കും. മദീന വിമാനത്താവളം സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വർഷത്തിലെ ആദ്യ പാദത്തിലെ കണക്കനുസരിച്ചാണ് 20 ശതമാനം യാത്രക്കാരുടെ വർധന റിപ്പോർട്ട് ചെയ്തത്. ജി.എസി.എ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാദിൽ നടന്ന ഫ്യൂച്ചർ ഓഫ് ഏവിയേഷൻ കോൺഫറൻസിലാണ് വ്യോമയാന പുരോഗതികളെ കുറിച്ചദ്ദേഹം സംസാരിച്ചത്. അടുത്ത വർഷത്തോടെ റിയാദ് എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം പതിനഞ്ചു കോടിയാക്കി ഉയർത്തുന്നതിനുള്ള വികസന പരിപാടികൾ നടപ്പിലാക്കും.

ജിദ്ദ വിമാനത്താവളത്തിലൂടെ ഈ വർഷം യാത്ര ചെയ്തത് നാല് കോടിയിലതികം യാത്രക്കാരാണ്. വരും വർഷങ്ങളിലിത് അഞ്ചു കോടിയിലേക്കുയർത്താനുള്ള വികസന പദ്ധതികൾ നടപ്പിലാക്കും. സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ മദീന വിമാനത്താവളം വിപുലീകരിക്കും. രാജ്യത്താദ്യമായാണ് സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവള വികസന പ്രവർത്തങ്ങൾ യാഥാർഥ്യമാകുന്നത്. 2028 ഓടെ യാത്രക്കാരുടെ എണ്ണം രണ്ട് കോടിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള വികസന പ്രവർത്തന കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിനോദ സഞ്ചാര മേഖലകളെ മുന്നിൽ കണ്ട് പ്രാദേശിക വിമാനത്താവളങ്ങൾ അനുവദിക്കും. വിദേശ കമ്പനികളുടെയും, നിക്ഷേപകരുടെയും സഹകരണത്തോടെയാവും ഇത് സാധ്യമാവുക. രാജ്യത്തിന്റെ വ്യോമ പാതകൾ പുനർ രൂപകൽപന ചെയ്യാനും പദ്ധതിയുണ്ട്. ഇതിലൂടെ യാത്രാ ദൈർഗ്യം കുറക്കാനും, ചിലവ് കുറഞ്ഞ യാത്രാനുഭവം നൽകാനും സാധിക്കും, നിലവിൽ തിരക്കേറിയ സമയങ്ങളിൽ നാലായിരത്തോളം വിമാനങ്ങളാണ് രാജ്യത്തിന്റെ വ്യോമ പാതകൾ ഉപയോഗിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News