രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികള്‍ക്കും സൈന്യത്തിന് പരമാധികാരമുണ്ടെന്ന് സൗദി

ഹൂതി വിമതര്‍ നിരന്തരമായി രാജ്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം

Update: 2022-02-25 13:00 GMT
Advertising

രാജ്യത്തിന്റെ മുഴുവന്‍ പ്രദേശങ്ങളുടെയും സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പരമാധികാരം സൈന്യത്തിനുണ്ടെന്ന് സൗദി ഭരണകൂടം. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ആക്രമണങ്ങളില്‍നിന്ന് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം.

ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ നിരന്തരമായി രാജ്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി തന്നെ ഇത്തരമൊരു നീക്കം കൈകൊള്ളുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ ആക്ടിങ് സ്ഥിരം പ്രതിനിധി കൗണ്‍സിലര്‍ മുഹമ്മദ് അല്‍ അതീഖ് അടുത്തിടെ രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 21 ന് തിങ്കളാഴ്ച, ജിസാന്‍ നഗരത്തിലെ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതി വിമതര്‍ വിക്ഷേപിച്ച ഡ്രോണ്‍, രാജ്യത്തിന്റെ വ്യോമ പ്രതിരോധവിഭാഗം തകര്‍ത്തുവെന്ന വിവരം കൗണ്‍സിലിനെ അറിയിക്കാന്‍ വേണ്ടിയാണ് അതീഖ് സന്ദേശമയച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 16 സാധാരണക്കാര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

സൻആ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹൂത്തികള്‍ വീണ്ടും ആക്രമണം പുനരാരംഭിച്ചിട്ടുണ്ട്. ഇത് ഹൂതികളുടെ തീവ്രവാദ സ്വഭാവവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനവുമാണ് വെളിപ്പെടുത്തുന്നതെന്ന് അല്‍ അതീഖ് കത്തില്‍ സൂചിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News