ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായി
റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായി. റിയാദിലെ സുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. റമദാനിലെ 29 നോമ്പുകൾ പൂർത്തിയാക്കിയാണ് ഒമാനൊഴികെയുള്ള ഇടങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്നത്. സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിനായി ഇരുപതിനായിരത്തിലേറെ പള്ളികളും ഈദ്ഗാഹുകളുമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. മഴ പെയ്യാൻ ഇടയുള്ള സ്ഥലങ്ങളിൽ ഈദുഗാഹുകളിൽ നമസ്‌കാരമുണ്ടായിരിക്കില്ലെന്നും പകരം പള്ളികളില്‍ മാത്രമായിരിക്കും നമസ്‌കാരം നടക്കുകയെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സുര്യോദയം മുതല്‍ പതിനഞ്ച് മിനുട്ടുകള്‍ക്കകം പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കുമെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച ഈദുൽ ഫിത്വറാണെന്ന് കുവൈത്ത് ശരീഅ വിഷൻ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലുമായി വിശ്വാസികൾ ഒത്തുകൂടി പെരുന്നാൾ നമസ്‌കാരം നിർവഹിക്കും. രാവിലെ 5:31 നാണ് പെരുന്നാൾ നമസ്‌കാരം. 49 കേന്ദ്രങ്ങൾ ഈദ് ഗാഹിനായി ഔദ്യോഗികമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പെരുന്നാൾ നമസ്‌കാരങ്ങൾക്ക് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ സംഘടനകൾക്കു കീഴിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കും.
ഖത്തറിൽ ഈദ് നമസ്‌കാരം രാവിലെ 5.21ന് നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പള്ളികളിലും ഈദ്ഗാഹുകളിലുമായി 590 കേന്ദ്രങ്ങളാണ് പെരുന്നാൾ നമസ്‌കാരത്തിന് ഒരുക്കിയിരിക്കുന്നത്. നമസ്‌കാരം നടക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങളും മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോകകപ്പ് മത്സരം നടന്ന എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യമുണ്ട്.
അതേസമയം, ഒമാനിൽ 30 നോമ്പ് പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ശനിയാഴ്ച വിവിധ ഇടങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിനും ഈദ് ഗാഹിനും പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകൾ നടക്കുന്നുണ്ട്.
അതേസമയം, കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്നാണ് ഖാദിമാർ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ വെള്ളിയാഴ്ച ആയിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധി ആയിരിക്കും.