സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ അനുമതി
സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ അഥവാ താമസ രേഖ ഒരു വർഷത്തേക്കാണ് പുതുക്കാറുള്ളത്. ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം പതിനായിരത്തിലേറെ റിയാൽ ഒന്നിച്ചടക്കണം. ഇതാണിപ്പോൾ മൂന്ന് മാസം വീതം പുതുക്കാനുള്ള സൗകര്യം.
സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ പാസ്‌പോർട്ട് വിഭാഗം അനുമതി നൽകി. വിദേശ തൊഴിലാളികളുടെ ലെവിയും സമാന രീതിയിൽ അടയ്ക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ അഥവാ താമസ രേഖ ഒരു വർഷത്തേക്കാണ് പുതുക്കാറുള്ളത്. ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം പതിനായിരത്തിലേറെ റിയാൽ ഒന്നിച്ചടക്കണം. ഇതാണിപ്പോൾ മൂന്ന് മാസം വീതം പുതുക്കാനുള്ള സൗകര്യം. 3,6,9,12 എന്നിങ്ങിനെ സൗകര്യ പൂർവം ഇഖാമ പുതുക്കാം. ഇത് കുടുംബങ്ങൾക്കും ബാധകമാണ്.
വർക്ക് പെർമിറ്റ്, ഇഖാമ ഫീസ്, തൊഴിൽ മന്ത്രാലയ ഫീസ് എന്നിവയെല്ലാം മൂന്ന് മാസത്തേക്ക് അടക്കാമെന്ന് ജവാസാത്ത് വിഭാഗം ഇന്നും ആവർത്തിച്ചു. അബ്ഷീറോ മുഖീമോ ഇതിനായി ഉപയോഗപ്പെടുത്താം. ബാങ്കുകളുമായി സഹകരിച്ച് ഇതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസാത്ത് വിഭാഗം ആവർത്തിച്ചു. ഭാര്യ, മക്കൾ, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കൾ, ഗാർഹിക തൊഴിലാളികൾ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്പോൺസർഷിപ്പിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് പരിഗണിക്കുക. നിലവിൽ സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളിക്ക് മാസം വീതം 800 റിയാലാണ് ലെവി തുക. ആശ്രിതരിൽ ഒരാൾക്ക് പ്രതിമാസം 400 റിയാൽ തോതിലാണ് ലെവി.