ഖത്തറിൽ നഗരസഭാ മന്ത്രാലയം നടത്തുന്ന ശീതകാല പച്ചക്കറിച്ചന്തകൾ വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും
അൽ വക്ര, അൽ ഖോർ, അൽ താഖിറ, അൽ ഷമാൽ, അൽ ഷെഹാനിയ എന്നിങ്ങനെ അഞ്ചിടങ്ങളിലായി സജ്ജമാക്കിയ ചന്തകളാണ് വരുന്ന വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുന്നത്. വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെയാണ് ചന്ത പ്രവർത്തിക്കുക.
ഖത്തറിൽ ആഭ്യന്തരമായി വിളയിച്ച ശുദ്ധ പച്ചക്കറികൾ ലഭ്യമാക്കിക്കൊണ്ട് മുനിസിപ്പാലിറ്റി മന്ത്രാലയം എല്ലാ വർഷവും നടത്തുന്ന ശീതകാല പച്ചക്കറിച്ചന്തകൾ ഇക്കുറി നവംബർ 11 മുതൽ ആരംഭിക്കും. അൽ വക്ര, അൽ ഖോർ, അൽ താഖിറ, അൽ ഷമാൽ, അൽ ഷെഹാനിയ എന്നിങ്ങനെ അഞ്ചിടങ്ങളിലായി സജ്ജമാക്കിയ ചന്തകളാണ് വരുന്ന വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുന്നത്. വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെയാണ് ചന്ത പ്രവർത്തിക്കുക. അതേസമയം ഉംസലാൽ സെൻട്രൽ മാർക്കറ്റിലെ അൽ മസ്‌റൂഹ സ്വക്വയറിൽ സ്ഥാപിക്കുന്ന ചന്ത നവംബർ 18 ന് ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിവിധ കൃഷിയിടങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ വിളയിച്ച പച്ചക്കറികൾ സംഭരിച്ച് ചന്തയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നുവെന്നതാണ് ശീതകാല ചന്തകളുടെ പ്രത്യേകത. ആഭ്യന്തര പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമായി വിവിധ തരത്തിലുള്ള പദ്ധതികൾ നിലവിൽ നഗരസഭാ മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്.