ലോകകപ്പിനായി പണി പൂര്‍ത്തീകരിച്ച അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഖത്തറിലെ സ്വദേശികളും വിദേശികളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിനായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനാണ് ആരംഭിച്ചത്.

Update: 2021-09-22 16:53 GMT
Advertising

2022 ഫുട്‌ബോള്‍ ലോകകപ്പിനായി ഖത്തര്‍ പണി പൂര്‍ത്തീകരിച്ച അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഖത്തര്‍ ദേശീയ ക്ലബ് ചാമ്പ്യന്‍ഷിപ്പായ അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടക്കുക. ക്ടോബര്‍ 22 നാണ് അല് തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അമീര്‍ കപ്പ് ഫൈനലും നടക്കുന്നത്.

ഖത്തറിലെ സ്വദേശികളും വിദേശികളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിനായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനാണ് ആരംഭിച്ചത്. https://tickets.qfa.qa എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടിക്കറ്റിന് പുറമെ അമീര്‍ കപ്പ് ഫാന്‍ ഐഡി കൂടി സ്വന്തമാക്കിയാല്‍ മാത്രമേ മത്സരത്തിന് പ്രവേശനം ലഭിക്കൂ. ടിക്കറ്റ് സ്വന്തമാക്കിയ ശേഷം, ഓണ്‍ലൈന്‍ വഴി പാസ്‌പോര്‍ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്ത് 'അമിര്‍ കപ്പ് ഫാന്‍ ഐ.ഡി'ക്ക് അപേക്ഷിക്കണം. ഒക്‌ടോബര്‍ 12 മുതല്‍ ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ഐ.ഡി കൈപറ്റാം. ഖത്തര്‍ ഐ.ഡി അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, ഫാന്‍ ഐ.ഡി സംബന്ധിച്ച ഇ മെയില്‍, അല്ലെങ്കില്‍ എസ്.എം.എസ് സന്ദേശം എന്നിവ കാണിച്ചുവേണം ഐ.ഡി കൈപ്പറ്റാന്‍. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രണ്ടാം ഡോസ് ഒക്ടോബര്‍ ഏഴിന് മുമ്പായി സ്വീകരിച്ചിരിക്കണം. 2022 ലോകകപ്പിനായി ഖത്തര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആറാമത്തെ സ്റ്റേഡിയമാണ് അല്‍ തുമാമ. 40,000 പേര്‍ക്കിരുന്ന് കളികാണാവുന്ന ഈ സ്റ്റേഡിയം അറബികളുടെ പരമ്പരാഗത തൊപ്പിയായ കഫിയയുടെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഖത്തര്‍ അല്‍ ജാബര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, തുര്‍ക്കിയിലെ ടെക്‌ഫെന്‍ എന്നീ കമ്പനികള്‍ സംയുക്തമായാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News