ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ്; പ്രഖ്യാപനവുമായി എയർ അറേബ്യ
പത്ത് കിലോ ഹാൻഡബാഗേജ് രണ്ട് ബാഗുകളിലായി കൊണ്ടുപോകാം
Update: 2025-01-13 19:02 GMT
ദുബൈ: എയർ അറേബ്യ യാത്രക്കാകർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് ഏഴ് കിലോയായി നിജപ്പെടുത്തി കർശനമാക്കുന്നതിനിടെയാണ് എയർ അറേബ്യ പത്ത് കിലോ ഹാൻഡബാഗേജും മറ്റ് ഇളവുകളും പ്രഖ്യാപിച്ചത്. പത്ത് കിലോ ഹാൻഡ്ബാഗേജ് രണ്ട് ബാഗുകളിലായി കൊണ്ടുപോകാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന് 55 സെന്റിമീറ്റർവരെ നീളവും 40 സെന്റിമീറ്റർ വീതിയുമാകാം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന് 25 സെന്റിമീറ്റർ ഉയരവും 33 സെന്റിമീറ്റർ നീളവുമാകാമെന്ന് കമ്പനി അറിയിച്ചു. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഇത് കൂടാതെയാണ് കുട്ടികളുള്ള യാത്രക്കാർക്ക് മൂന്നു കിലോ അധിക ബാഗേജ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.