യു.എ.ഇയിൽ പൊതുമാപ്പ് രണ്ടുമാസത്തേക്ക് നീട്ടി

ഡിസംബർ 31 വരെ ആനുകൂല്യം തുടരും

Update: 2024-10-31 15:58 GMT
Advertising

ദുബൈ: യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി. ഡിസംബർ 31 വരെ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് ആനുകൂല്യം നീട്ടിയത്. പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. വിസാ നിയമംലംഘിച്ചവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അവസാനദിവസങ്ങളിൽ ആംനസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കൂടി കണക്കിലെടുത്താണ് രണ്ടുമാസത്തേക്ക് കൂടി പൊതുമാപ്പ് ആനൂകൂല്യം നീട്ടാൻ ഗവൺമെന്റ് തീരുമാനിച്ചത്. ഇതോടെ വിസാ കാലാവധി പിന്നിട്ട് യു.എ.ഇയിൽ നിയമവിരുദ്ധരായി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ രണ്ടുമാസം കൂടി സാവകാശം ലഭിക്കും. രേഖകൾ ശരിയാക്കി യു.എ.ഇയിൽ നിയമവിധേയരാകാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം.

നിലവിൽ എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി. നിർദേശം നൽകിയിട്ടുണ്ട്. വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ കണക്കുകൾ പ്രകാരം പതിനായിരം ഇന്ത്യൻ പൗരൻമാർ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയിട്ടുണ്ട്. ഇവരിൽ 1300 പേർക്ക് പാസ്‌പോർട്ടും 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റും നൽകി. 1500 ലധികം പേർക്ക് കോൺസുലേറ്റ് മുഖേന മാത്രം എക്‌സിറ്റ് പെർമിറ്റും ലഭ്യമാക്കിയിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News