അറേബ്യൻ ട്രാവൽ മാർക്കറ്റിന് പരിസമാപ്തി; ടൂറിസം മേഖലയിലെ സുസ്ഥിരത ചർച്ചയായി

ഗൾഫ് മേഖലയിൽ യാത്ര ചെയ്യുന്നതിന് 'ഷെങ്കൻ' രൂപത്തിൽ വിസ ഏർപ്പെടുത്താൻ സജീവ നടപടി

Update: 2023-05-04 19:38 GMT
Advertising

സഞ്ചാര സാധ്യതകളും യാത്ര മേഖലയിലെ സാങ്കേതിക മികവുകളും പങ്കുവെച്ച് 30ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് പരിസമാപ്തി. ദുബൈ വേൾഡ്‌ട്രേഡ് സെൻററിൽ നടന്ന ഇത്തവണത്തെ പ്രദർശനങ്ങൾ കാണാനായി ആയിരങ്ങളാണ് നാലുദിവസങ്ങളിൽ ഒഴുകിയെത്തിയത്. 'ടൂറിസം മേഖലയിലെ സുസ്ഥിരത' എന്ന വിഷയത്തിലാണ് ഇത്തവണ കൂടുതൽ ചർച്ച നടന്നത്. അരലക്ഷത്തോളം സന്ദർശകരാണ് ഇത്തവണ എ.ടി.എം മേളയിൽ എത്തിച്ചേർന്നത്.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മേള ഉദ്ഘാടനം ചെയ്തത്. 100 രാജ്യങ്ങളിലെ 2000ഓളം പ്രദർശകർ അണിനിരന്നു. ഇതിൽ 100ഓളം പേർ പുതിയ പ്രദർശകരാണ്. ലോകത്തിലെ ഏറ്റവും മികച്ച 80-ലധികം ട്രാവൽ ടെക്നോളജി കമ്പനികളുടെ പങ്കാളിത്തവും മേളയുടെ പ്രത്യേകതയായി. സാങ്കേതിക മേഖലയ്ക്കായി മാത്രം 2,000 ചതുരശ്ര മീറ്ററിലധികം പ്രദർശന സ്ഥലം മാറ്റി വെച്ചിരുന്നു.

ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബൈ നവംബറിൽ ആതിഥ്യമരുളുന്ന പശ്ചാത്തലത്തിലാണ് സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള വിഷയങ്ങൾക്ക് മേളയിൽ മുൻഗണന ലഭിച്ചത്. ഉദ്ഘാടന ദിവസത്തെ ആദ്യ സെഷൻ തന്നെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചായിരുന്നു. ചാറ്റ് ജി.പി.ടി അടക്കമുള്ള നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ യാത്ര മേഖലയിൽ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും സെഷനുകൾ ഒരുക്കി. കോവിഡാനന്തരം ടൂറിസം മേഖലയിലെ വലിയ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ കമ്പനികൾ കരാറുകളിലും ധാരാണപത്രങ്ങളിലും ഒപ്പുവെച്ചു. ഗൾഫ് മേഖലയിൽ യാത്ര ചെയ്യുന്നതിന് 'ഷെങ്കൻ' രൂപത്തിൽ വിസ ഏർപ്പെടുത്താൻ സജീവമായി നടപടികൾ പുരോഗമിക്കുന്നതായ പ്രഖ്യാപനമാണ് ഇത്തവണ എ.ടി.എമ്മിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാര്യം.


Full View

Arabian Travel Market Program concluded; Sustainability in the tourism sector was discussed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News