ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ദുബൈ

272 ബില്യൺ ദിർഹം ചെലവും 302 ബില്യൺ ദിർഹം വരുമാനവും പ്രതീക്ഷിക്കുന്ന 2025-27 സാമ്പത്തിക വർഷത്തെ ബജറ്റാണ് ദുബൈ ഭരണാധികാരി പ്രഖ്യാപിച്ചത്

Update: 2024-10-29 17:08 GMT
Advertising

ദുബൈ: എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം. 272 ബില്യൺ ദിർഹം ചെലവും 302 ബില്യൺ ദിർഹം വരുമാനവും പ്രതീക്ഷിക്കുന്ന 2025-27 സാമ്പത്തിക വർഷത്തെ ബജറ്റാണ് ശൈഖ് ഭരണാധികാരി പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ വികസന പദ്ധതികൾക്കുമാണ് ബജറ്റിലെ ഊന്നൽ. ദുബൈയുടെ സാമ്പത്തിക സുസ്ഥിരത അടയാളപ്പെടുത്തുന്നതു കൂടിയാണ് ബജറ്റ്.

ദുബൈയുടെ ഭാവി പ്രതീക്ഷകൾ വരച്ചു കാണിക്കുന്ന ബജറ്റിൽ 21 ശതമാനം അധികവരുമാനം പ്രതീക്ഷിക്കുന്നു. ആദ്യമായാണ് ഇത്രയധികം അധിക വരുമാനം ബജറ്റിൽ വിഭാവനം ചെയ്യുന്നത്. റോഡുകൾ, പാലങ്ങൾ, ഊർജം, അഴുക്കുചാൽ ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് 46 ശതമാനം തുകയാണ് ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, കമ്യൂണിറ്റി സേവനം തുടങ്ങിയവയ്ക്ക് മുപ്പത് ശതമാനവും വകയിരുത്തി. സുരക്ഷാ, നീതി വിഭാഗങ്ങൾക്കായി പതിനെട്ട് ശതമാനവും.

സാമ്പത്തിക സുസ്ഥിരതയോടെയാണ് ദുബൈ ഭാവിയിലേക്ക് നീങ്ങുന്നതെന്ന് ബജറ്റ് പ്രഖ്യാപിക്കവെ ശൈഖ് മുഹമ്മദ് പറഞ്ഞു. വമ്പൻ പുരോഗതി വാഗ്ദാനം ചെയ്യുന്നതാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടം നേരത്തെ വിഭാവനം ചെയ്ത ദുബൈ സ്ട്രാറ്റജിക് പ്ലാൻ 2030, ദുബൈ എകണോമിക് അജണ്ട ഡി33 പദ്ധതികളോട് ചേർന്നു നിൽക്കുന്നതാണ് ബജറ്റ്.

ഈ മാസം ആദ്യം 2025 സാമ്പത്തിക വർഷത്തിലേക്കുള്ള ഫെഡറൽ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 71.5 ബില്യൺ ദിർഹം ചെലവും അത്ര തന്നെ വരുമാനവും കണക്കാക്കുന്നതായിരുന്നു ഫെഡറൽ ബജറ്റ്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News