ഗൾഫ് പ്രവാസികളുടെ കോവിഡ് മരണം: പോസിറ്റീവായ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു തുടങ്ങി
മലപ്പുറം സ്വദേശിയുടെ മൃതദേഹമാണ് ആദ്യമായി കേരളത്തിലെത്തിച്ചത്
യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയുടെ മൃതദേഹമാണ് ആദ്യമായി കേരളത്തിലെത്തിച്ചത്. കേരളത്തിൽ മൃതദേഹമെത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുനോക്ക് കാണാൻ പോലും കഴിയാതെ മറുനാട്ടിൽ സംസ്കരിക്കേണ്ടിവരുന്ന ദുഃഖകരമായ അവസ്ഥക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പോസിറ്റീവായ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കഴിയുന്ന വിധം നാട്ടിലെയും യുഎഇയിലെയും നിയമങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം നിലമ്പൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കുടുംബ കല്ലറയിൽ സംസ്കരിച്ചത്. ഹംപാസ് സന്നദ്ധപ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്.
മൃതദേഹം എംബാം ചെയ്യുന്നതിന് പകരം സ്റ്റെർലൈസേഷൻ നടത്തണം. നാട്ടിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ മുൻകൂർ അനുമതിയും വാങ്ങണം. മൃതദേഹം എംബാമിങ് നടത്താത്തതിനാൽ 14 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് നാട്ടിലെത്തിച്ച ഉടൻ സംസ്കാര നടപടികൾ ആരംഭിക്കേണ്ടി വരും. പോസിറ്റീവായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഫെബ്രുവരിയിൽ തന്നെ യുഎഇ നിയമം ഇളവ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് ഇത് പ്രായോഗികമാകാൻ സമയമെടുത്തു.