തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ
അപകട ഘട്ടങ്ങളിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം
ദുബൈ ടാക്‌സി കോർപറേഷന്റെ സ്‌കൂൾ ബസ്സുകളിലും ടാക്‌സികളിലും സ്വയം നിയന്ത്രിത അഗ്‌നിരക്ഷാ ഉപകരണം ഘടിപ്പിക്കുന്നു. കടുത്ത ചൂടിൽ വാഹനത്തിന്റെ എഞ്ചിന് തീപിടിച്ചാൽ സ്വമേധയാ തീ അണക്കാൻ കഴിയുന്ന വിധത്തിലാണ് ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. അപകട ഘട്ടങ്ങളിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
മനുഷ്യഇടപെടൽ ഒട്ടും ആവശ്യമില്ല എന്നതാണ് സ്വയം നിയന്ത്രിത അഗ്‌നിശമന ഉപകരണത്തിന്റെ പ്രത്യേകത. വാഹനത്തിൽ തീപിടിത്തം ഉണ്ടായ ഭാഗം കണ്ടെത്തി ആ ഭാഗത്തേക്ക് പ്രത്യേക ട്യൂബിലൂടെ തീ അണക്കാനുള്ള രാസവസ്തു സ്‌പ്രേ ചെയ്യും. നൊടിയിടെ തീ അണക്കാൻ ഈ സംവിധാനം മുഖേന സാധിക്കും.
തുടക്കത്തിൽ 459 ടാക്‌സികളിലും 953 സ്‌കൂൾ ബസ്സുകളിലുമാണ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. എല്ലാവാഹനങ്ങളിലും പുതിയ സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡി.ടി.സി അസിസ്റ്റന്റ് മാനേജ്‌മെന്റ് ഡയറക്ടർ നാസർ മുഹമ്മദ് അൽഹാജ് പറഞ്ഞു.
കടുത്ത വേനലിൽയു.എ.ഇയിൽവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവം പതിവാണ്.ഡ്രൈവറുടെ സഹായം ഇല്ലാതെ സ്വയം പ്രവർത്തിക്കുന്നതിനാൽ സ്‌കൂൾ ബസ്സുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷാ വിഷയത്തിൽ പുതിയ സംവിധാനം ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.