ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ തിരക്കേറി
നിരവധി പേർക്ക് ഔട്ട്പാസ് ലഭിച്ചു
ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ രണ്ടാം ദിവസമായ ഇന്നും രാവിലെ മുതൽ തിരക്കേറി. അനധികൃതമായി യു.എ.ഇയിൽ തങ്ങിയ നൂറുകണക്കിനാളുകളാണ് ഇന്ന് കേന്ദ്രത്തിൽ എത്തിയത്. പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ സംതൃപ്തിയിലാണ് പൊതുമാപ്പ് ആനുകൂല്യം ലഭിച്ചവർ. നാട്ടിലേക്ക് പോകാനോ വിസ പുതുക്കാനോ അവസരം ലഭിച്ചതിലുള്ള സന്തോഷം പലരും പങ്കുവെച്ചു.
പൊതുമാപ്പിന് തുടക്കം കുറിച്ച ഞായറാഴ്ച ആയിരത്തിലേറെ പേരാണ് ക്യാമ്പിലെത്തി പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. വിവിധ കമ്പനികൾ തൊഴിൽ വാഗ്ദാനം നൽകി രംഗത്തുവന്നതും ഇക്കുറി പൊതുമാപ്പിന്റെ പ്രത്യേകതയാണ്. ജോബ് ഓഫർ ലെറ്റർ ഉണ്ടെങ്കിൽ യു.എ.ഇയിൽ താമസം നിയമവിധേയമാക്കാൻ എളുപ്പം. ഇന്ത്യൻ എംബസിയും കോൺസുലറ്റും വിപുല സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എണ്ണമറ്റ സാമൂഹിക സന്നധ സംഘടകളും സഹായ സഹകരണങ്ങളുമായി രംഗത്തുണ്ട്. അവീർ ഇമിഗ്രേഷൻ കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി രണ്ട് ടെൻറുകൾ നടപടിക്രമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 2,000പേരെ ഉൾക്കൊള്ളാവുന്ന കേന്ദ്രത്തിൽ വിരലടയാളം ശേഖരിക്കാനും നിരവധി കൗണ്ടറുകളുണ്ട്.