യു.എ.ഇ പൊതുമാപ്പിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവ്
പിഴ ഇളവിനായി ആനംസ്റ്റി സെൻററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
ദുബൈ: യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവ്. തൊഴിൽകരാർ, തൊഴിൽ പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കാൻ അപേക്ഷ സമർപ്പിക്കാമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് തൊഴിൽ കരാർ സമർപ്പിക്കുന്നതിലെ വീഴ്ചക്കുള്ള പിഴ, വർക്ക് പെർമിറ്റ് പുതുക്കാത്തതിന് ലഭിച്ച പിഴ തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് പിഴകളാണ് പൊതുമാപ്പിൽ ഒഴിവായി കിട്ടുക. ഇതിനായി ആനംസ്റ്റി സെൻററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. പൊതുമാപ്പ് കാലത്ത് മന്ത്രാലയം പ്രഖ്യാപിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.
വർക്ക് പെർമിറ്റ് നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിച്ച കേസുകളിലുള്ള പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മന്ത്രാലയം നൽകുന്നത്. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ റസിഡൻസ് വിസയോ ഉള്ള വ്യക്തികൾക്കും രേഖകൾ നിയമാനുസൃതമാക്കാമാൻ അപേക്ഷ നൽകാം. തൊഴിലുടമയിൽനിന്ന് ഓടിപ്പോയി എന്ന പരാതിയുള്ള ഗാർഹിക തൊഴിലാളികൾക്കും മറ്റ് ജീവനക്കാർക്കും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താം.