ഗസ്സ ഉൾപ്പെടെ വിവിധയിടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ

വിവിധ പദ്ധതികൾക്കായി ഇതുവരെ 360 ബില്യൻ ദിർഹം ചെലവിട്ടതായി യുഎഇ അധികൃതർ

Update: 2024-09-06 17:39 GMT
Advertising

ദുബൈ: ഗസ്സ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ. അന്താരാഷ്ട്ര ചാരിറ്റി ദിനാചാരണ ഭാഗമായാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 'ഗാലൻറ് നൈറ്റ് ത്രീ' പദ്ധതിക്കു കീഴിൽ ഗസ്സയിലാണ് ഏറ്റവും കൂടുതൽ സേവന പ്രവർത്തനങ്ങൾ നടക്കുന്നത്. ലോകത്തുടനീളം വൻതുകയാണ് വിദേശ സഹായം എന്ന നിലക്ക് വിവിധ പദ്ധതികൾക്കായി യുഎഇ ചെലവിടുന്നത്. ഇതുവരെ 360 ബില്യൻ ദിർഹം ചെലവിട്ടതായി അധികൃതർ വെളിപ്പെടുത്തി.

ഗസ്സയിലാണ് യു.എ.ഇ ഇപ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിനകം 104 ഓളം വാഹനവ്യൂഹങ്ങളിലായി ഇരുപതിനായിരത്തിലേറെ ടൺ ജീവകാരുണ്യ ഉൽപന്നങ്ങളാണ് യുഎഇ ഗസ്സയിലേക്ക് കൈമാറിയത്. ഇതിൽ 18,500 ടൺ ഭക്ഷണം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളാണ്. ഇതിനു പുമെ ഗസ്സയിലേക്ക് 5340 ടൺ ഉൽപന്നങ്ങളും എയർലിഫ്റ്റ് ചെയ്തു. ആരോഗ്യ മേഖലയാണ് യുഎഇ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മറ്റൊരു മേഖല. ഫീൽഡ്, ഫ്‌ളോട്ടിങ് ആശുത്രികൾ ഒരുക്കി ആയിരങ്ങൾക്കാണ് യുഎഇ തുണയാകുന്നത്. പരിക്കേറ്റവരും രോഗികളുമായ നൂറുകണക്കിനാളുകളെ യുഎഇയിൽ കൊണ്ടുവന്ന് ചികിത്സിക്കുന്ന പദ്ധതിയും തുടരുകയാണ്. യു.എൻ നേതൃത്വത്തിൽ നടക്കുന്ന പോളിയോ വാക്‌സിൻ പദ്ധതിക്കായി അഞ്ച് ദശലക്ഷം ഡോളറും യുഎഇ നൽകി. ഖാൻ യൂനുസ് ഉൾപ്പെടെ യുദ്ധം തകർത്ത പ്രദേശങ്ങളിൽ കുടിവെള്ള സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്ന പദ്ധതിയും യുഎഇ ഏറ്റെടുത്തിരിക്കുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News