യു.എ.ഇയിൽ മൂന്നുദിവസം തുടർച്ചയായി പെയ്ത മഴക്ക് ശമനം
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു
യു.എ.ഇയിൽ മൂന്നുദിവസം തുടർച്ചയായി പെയ്ത മഴക്ക് ശമനം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തമഴയിൽ റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം തടസപ്പെട്ടു.
തിങ്കളാഴ്ച മുതൽ ആരംഭിച്ച മഴ ദുബൈ, ഷാർജ, അബൂദബി, റസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ ഇന്നും തുടർന്നു. പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. എന്നാൽ മഴ കാരണം വലിയ നാശനഷ്ടങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ എമിറേറ്റുകളിൽ പ്രധാനപ്പെട്ട റോഡുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം പൊലീസ് താൽകാലികമായി നിരോധിച്ചിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ റാസൽഖൈമയിലെ മലനിരകളിലെ നീരൊഴുക്ക് ശക്തമായി. യാത്രക്കാരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും പൊലീസ് മുന്നറിയിപ്പ് നൽകി.
അപകടങ്ങൾ ഒഴിവാക്കാൻ വേഗത കുറക്കാനും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. മഴയുടെ സാഹചര്യം മാറിയതായും എന്നാൽ രാവിലെയും വൈകുന്നേരവും മൂടൽ മഞ്ഞിനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതിനിടെ മഴ കാരണം അടച്ച റോഡുകളും പാർക്കുകളും തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് വന്നിട്ടില്ല. മഴ പൂർണമായും ശമിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ ഇവ തുറന്നേക്കും.