ഇവിടെ സേഫാണ്, യുഎഇ ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രം
ആദ്യ ഇരുപതിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചു


ദുബൈ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ. നംബിയോയുടെ സേഫ്റ്റി ഇൻഡക്സിലാണ് യുഎഇയുടെ നേട്ടം. ആദ്യ ഇരുപതിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചു.
ആഗോള സുരക്ഷാ ഭൂപടത്തിൽ രാജ്യത്തിന്റെ ഖ്യാതി അരക്കിട്ടുറിപ്പിക്കുന്നതാണ് നംബിയോ ഇൻഡക്സിലെ യുഎഇയുടെ നേട്ടം. 147 രാഷ്ട്രങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് യുഎഇ 2025ലെ സൂചികയിൽ രണ്ടാമതെത്തിയത്. നൂറിൽ 84.5 ആണ് യുഎഇയുടെ സ്കോർ. 84.7 പോയിന്റുമായി യൂറോപ്യൻ രാഷ്ട്രമായ അൻഡോറ പട്ടികയിൽ ഒന്നാമതെത്തി.
ആദ്യ ഇരുപത് സ്ഥാനങ്ങളിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചത് ഈ വർഷത്തെ പട്ടികയെ ശ്രദ്ധേയമാക്കി. മൂന്നാം സ്ഥാനത്തെത്തിയ ഖത്തർ, അഞ്ചാം സ്ഥാനത്തെത്തിയ ഒമാൻ, പതിനാലാമതെത്തിയ സൗദി അറേബ്യ, പതിനാറാം സ്ഥാനത്തെത്തിയ ബഹ്റൈൻ എന്നിവയാണ് അറബ് മേഖലയിൽ നിന്നുള്ള സുരക്ഷിത രാഷ്ട്രങ്ങൾ.
കവർച്ച, പൊതുസ്ഥലങ്ങളിലെ അതിക്രമം, വിവേചനങ്ങൾ, സ്വത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ലൈംഗിക പീഡനം, കൊലപാതകം തുടങ്ങി വിവിധതരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ നിന്നാണ് നംബിയോ സൂചിക തയ്യാറാക്കിയത്. സന്ദർശകരും താമസക്കാരും നൽകുന്ന വിവരങ്ങളാണ് പ്രധാനമായും പരിഗണിച്ചത്. ഇതുപ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രവും യുഎഇയാണ്.
സുരക്ഷാ സൂചികയിൽ അറുപത്തിയാറാമതാണ് ഇന്ത്യയുടെ സ്ഥാനം. വെനിസ്വേല, പാപ്പുവ ന്യൂഗിനിയ, ഹൈതി എന്നീ രാഷ്ട്രങ്ങളാണ് ഏറ്റവും ഒടുവിലത്തെ സ്ഥാനങ്ങളിലുള്ളത്.