എയർ കേരള; വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ

വിമാനസർവിസിന്​ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി സംരംഭകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

Update: 2024-07-08 09:12 GMT
Advertising

ദുബൈ: എയർ കേരള എന്ന പേരിൽ വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ. സെറ്റ്​ഫ്ലൈ ഏവിയേഷൻ  വിമാനസർവിസിന്​ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സംരംഭകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചതെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ്ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു. തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ് നടത്തുക​. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങങ്ങൾ ഉപയോഗിക്കുമെന്നും സംരംഭകർ പറഞ്ഞു.

നിർമാതാക്കളിൽ നിന്ന്​ വിമാനങ്ങൾ നേരിട്ട്​ സ്വന്തമാക്കാനുള്ള​ സാധ്യതകളും തേടുന്നുണ്ട്​​. സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഇത്​ മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും.

25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന്​ അഫിഅഹമ്മദ്പറഞ്ഞു. പ്രവാസികൾ ഉൾപ്പെടയുള്ള എല്ലാമലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അഫി അഹമ്മദ്​ കൂട്ടിച്ചേർത്തു.

കമ്പനി യാഥാർഥമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വര്ഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്. മെഹ്മാൻ ദുബൈ ഹോട്ടലിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ്​ യു.പി.സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി സെക്രട്ടറി ആഷിഖ് (ആഷിഖ് അസ്സോസിയേറ്റ്സ്), ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ (ദുബായ്)തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - അഖിൽ തോമസ്

Web Journalist, MediaOne

Editor - അഖിൽ തോമസ്

Web Journalist, MediaOne

By - Web Desk

contributor

Similar News