കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ കണക്കിലെടുക്കാതെ ഇനി വികസനം സാധ്യമല്ല- വി.ഡി. സതീശൻ
അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിൽ ഗ്രീൻഹൗസ് ഓട്ടോമേറ്റഡ് സിസ്റ്റം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
അജ്മാൻ: കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ കണക്കിലെടുക്കാതെ ലോകത്തെവിടെയും ഇനി വികസനം സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിൽ ഗ്രീൻഹൗസ് ഓട്ടോമേറ്റഡ് സിസ്റ്റം ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം തന്റെ തലമുറയിലോ, മക്കളുടെ തലമുറയിലോ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ, അതിന്റെ ഭവിഷ്യത്തുകൾ പ്രളയമായും, വയനാട്ടിലും മറ്റും സംഭവിച്ച ഉരുൾപ്പൊട്ടൽ ദുരന്തമായും നമ്മൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കാലാവസ്ത്ഥ വ്യതിനായനത്തെ മുന്നിൽകാണാതെ ഒരു വികസനവും ലോകത്തെവിടെയും സാധ്യമല്ല.
പരിസ്ഥിതിയും സുസ്ഥിരതയും ആദ്യമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ ഹാബിറ്റാറ്റ് സ്‌കൂളിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. സ്‌കൂൾ ഹരിതാഭമാക്കാൻ മുന്നിൽ നിന്ന ഫാമിങ് അധ്യാപകർ മുതൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൾ ബാല റെഡ്ഡി അമ്പാട്ടി, റെജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, എം.ഡി. ഡോ. അൻവർ അമീൻ, ഗ്രാൻഡ് ഗ്രീൻ ഗ്ലോബൽ മേധാവി റാഷിദ് മമ്മുഹാജി, ഹബീറ്റാറ്റ് ഗ്രൂപ്പ് എം.ഡി. ശംസു സമാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.