ഗസ്സയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ ചികിത്സക്കായി അബൂദബിയിലെത്തിച്ചു

ആകെ 252 പേരെയാണ്​ യുഎ ഇയുടെ ഗസ്സ സഹായദൗത്യത്തിന്‍റെ ഭാഗമായി അബൂദബിയിൽ കൊണ്ടുവന്നത്​

Update: 2024-09-13 01:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

അബൂദബി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ വിമാന മാർഗം ചികിത്സക്കായി അബൂദബിയിൽ എത്തിച്ചു. ആകെ 252 പേരെയാണ്​ യുഎ ഇയുടെ ഗസ്സ സഹായദൗത്യത്തിന്‍റെ ഭാഗമായി അബൂദബിയിൽ കൊണ്ടുവന്നത്​. ഇവർക്ക്​ വിവിധ ആശുപത്രികളിലായി മികച്ച ചികിത്സ ഉറപ്പാക്കും.

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള രക്ഷാദൗത്യത്തിന്​ കൂടിയാണ്​ യുഎഇ നേതൃത്വം നൽകിയത്​. ഗുരുതരമായി പരിക്കേറ്റ 97 പേർക്കു പുറമെ നിരവധി അർബുദ രോഗികളെയും അബൂദബിയിൽ എത്തിച്ചു. പരിക്കേറ്റവരുടെയും രോഗികളുടെയും അടുത്ത ബന്​ധുക്കളാണ്​ സംഘത്തിലെ മറ്റുള്ളവർ. ആകെയുള്ള 252 പേരിൽ 142 പേർ കുട്ടികളാണ്​. കരീം അബൂ സലാം ക്രോസിങിലൂടെ ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ്​ ഇവരെ അബൂദബിയിൽ എത്തിച്ചത്​. ഏറ്റവും മികച്ച ചികിൽസ ഉഹപ്പാക്കുന്നതിന്‍റെ ഭാഗമായാണ്​ രോഗികളെയും പരിക്കേറ്റവരെയും അബൂദബിയിൽ കൊണ്ടുവന്നതെന്ന്​ അന്താരാഷ്ട്ര സഹകരണവകുപ്പ്​ സഹമന്ത്രി റീം ബിൻത്​ ആൽ ഹാഷ്മി പറഞ്ഞു.

റമോൺ വിമാനത്താവളം മുഖേന യുഎഇ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ്​ രോഗികളെയും പരക്കേറ്റവരെയും കൊണ്ടുവരുന്നത്​. ഗസ്സ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇ സ്വീകരിച്ചുവരുന്ന സമഗ്ര പദ്ധതികളെ ലോകോരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനം​ പ്രകീർത്തിച്ചു. ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ ദുരിതത്തിലായ ഗസ്സ നിവാസികൾക്കായി ബഹുമുഖ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്​ യുഎഇ പ്രസിഡന്‍റ്​ പ്രഖ്യാപിച്ച ഗാലന്‍റ്​ നൈറ്റ്​ 3 പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News