യു.എ.ഇയിൽ ആറ് ബാങ്കുകൾക്ക് എതിരെ സെൻട്രൽ ബാങ്കിന്‍റെ ശിക്ഷാ നടപടി
ചട്ടങ്ങൾ പാലിക്കാത്തതിന് ഒരു ധനവിനിമയ സ്ഥാപനത്തിന് സെൻട്രൽ ബാങ്ക് 52 മില്യൺ ദിർഹം പിഴയും വിധിച്ചു
ദുബൈ: യു.എ.ഇയിൽ ആറ് ബാങ്കുകൾക്ക് എതിരെ സെൻട്രൽ ബാങ്കിന്‍റെ ശിക്ഷാ നടപടി. വിവരങ്ങൾ കൈമാറുന്നതിൽ വേണ്ടത്ര നിലവാരം പുലർത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കുകൾക്ക് എതിരെ ഉപരോധ നടപടി പ്രഖ്യാപിച്ചത്. ചട്ടങ്ങൾ പാലിക്കാത്തതിന് ഒരു ധനവിനിമയ സ്ഥാപനത്തിന് സെൻട്രൽ ബാങ്ക് 52 മില്യൺ ദിർഹം പിഴയും വിധിച്ചു.
ആസ്തി സംരക്ഷിക്കാനും നഷ്ട സാധ്യത കുറക്കാനുമുള്ള നടപടികളിൽ വേണ്ടത്ര നിലവാരം പുലർത്തിയില്ല. ചുമതല വഹിക്കുന്നവരെ കുറിച്ചും പ്രവർത്തനരീതികളെ കുറിച്ചും റിപ്പോർട്ട് നൽകുന്നതിൽ വീഴ്ചയുണ്ടായി തുടങ്ങിയ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ആറ് ബാങ്കുകൾക്ക് യു.എ.ഇ സെൻട്രൽ ബാങ്ക് നിശ്ചിത തുകയുടെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. നടപടി നേരിട്ട ബാങ്കുകളുടെ പേരു വിവരം സെൻട്രൽബാങ്ക് പുറത്തുവിട്ടിട്ടില്ല.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപറേഷൻ ആൻഡ് ഡവലപ്മെന്‍റ് അഥവാ ഒ.ഇ.സി.ഡി ഏർപ്പെടുത്തിയ കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേഡ് പ്രകാരം പരസ്പരം വിവരം കൈമാറുന്ന സംവിധാനം പാലിക്കുന്നതിലാണ് ബാങ്കുകൾ വീഴ്ച വരുത്തിയതെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. ഒ.ഇ.സി.ഡി നിർദേശ പ്രകാരമുള്ള ഉപരോധ നടപടികളാണ് ബാങ്കുകൾക്ക് എതിരെ സ്വീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക സ്ഥാപനങ്ങൾ പിന്തുടേണ്ട നടപടിക്രമങ്ങളാണ് ഒ.ഇ.സി.ഡി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിൽ നികുതി വിവരങ്ങൾ മുതൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങൾ വരെ കൈമാറ്റം ചെയ്യപ്പടേണ്ടതുണ്ട്. ഒ.ഇ.സി.ഡിയുടെ കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ് നടപ്പാക്കാൻ യു.എ.ഇയിലെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് സമയം അനുവദിച്ചിട്ടുണ്ട്. കള്ളപണം വെളുപ്പിക്കുന്നതും, ഭീകരവാദ ഫണ്ടിങും തടയാൻ ഏർപ്പെടുത്തിയ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് സെൻട്രൽ ബാങ്ക് 52 ദശലക്ഷം ദിർഹമിന്‍റെ പിഴ ചുമത്തിയത്.