ഷാർജ കൽബയിൽ പുതുതായി വിവിധ പദ്ധതികൾ; പ്രഖ്യാപനം നടത്തി ഷാർജ ഭരണാധികാരി
കൽബ ഗേറ്റ്, പുതിയ മ്യൂസിയം, പാർക്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടും
കൽബ: ഷാർജ കൽബയിൽ പുതുതായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കൽബ ഗേറ്റ് പദ്ധതി, പുതിയ മ്യൂസിയം, പാർക്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടും. പരിസ്ഥിതി, പുരാവസ്തു, പൈതൃക ടൂറിസം പരിപാടിയും പ്രഖ്യാപനത്തിൽ ഉൾപ്പെടും.
അടുത്തിടെ ഉദ്ഘാടനം ചെയ്ത 'ഹാങിങ് ഗാർഡ'നെ അൽ ഹിഫയ്യ തടാകവുമായി ബന്ധിപ്പിക്കുന്ന പാതയായ 'കൽബ ഗേറ്റ്' പദ്ധതി പൂർത്തിയാക്കുന്നതും നിർദേശത്തിലുണ്ട്. സന്ദർശകർക്ക് അപകടമുണ്ടാകുന്നത് തടയാൻ നടപ്പാതക്ക് ചുറ്റും റെയിലിങ് സംവിധാനവും ഏർപ്പെടുത്തും. 'ഹാങിങ് ഗാർഡ'നും തടാകവും കൽബ നഗരവും കാണാൻ ഇവിടെ നിന്ന് സാധിക്കും.
കൽബ മലനിരയിൽ വിനോദ സഞ്ചാരികൾക്കായി 'ചന്ദ്രക്കല' രൂപത്തിൽ കേന്ദ്രം നിർമിക്കുന്നത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവിടെ നിന്ന് മനോഹര കാഴ്ചകൾ ആസ്വദിക്കാനാവും. നിർമാണം ആരംഭിച്ച പദ്ധതി പ്രദേശം സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു. ഷാർജയിൽ നേരത്തെ മലമുകളിൽ വലിയ പദ്ധതി പൂർത്തിയാക്കിയിരുന്നു. ഖോർഫക്കാനിലെ 600മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അൽ സുഹൂബ് റസ്റ്റ് ഏരിയയാണിത്.