എക്സ്ചേഞ്ച് ഹൗസിന് 1.9 മില്യൺ ദിർഹം പിഴ ചുമത്തി യു.എ.ഇ സെൻട്രൽ ബാങ്ക്
ജാഗ്രതക്കുറവിന്റെ പേരിൽ ഒരു എക്സ്ചേഞ്ച് ഹൗസിനുമേൽ 1.9 മില്യൺ ദിർഹം പിഴ ചുമത്തിയതായി യു.എ.ഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കൃത്യമായി ജാഗ്രത പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വൃത്തങ്ങൾ സൂചിപ്പിച്ചു.
നടപടി നേരിട്ട എക്സ്ചേഞ്ച് ഹൗസിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വീഴ്ച വരുത്തിയതിന്റെ പേരിൽ കമ്പനിക്ക് സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
വർഷം മുഴുവനും കോടിക്കണക്കിന് ഡോളറിന്റെ പണമിടപാടുകൾ നടത്തുന്ന യു.എ.ഇയുടെ കറൻസി എക്സ്ചേഞ്ച് വ്യവസായത്തിൽ സുപ്രധാന പങ്കാണ് എക്സ്ചേഞ്ച് ഹൗസുകൾ വഹിക്കുന്നത്. ഇത്തരത്തിൽ ചട്ടങ്ങൾ വേണ്ടവിധം പാലിക്കാത്തതിന്റെ പേരിൽ എക്സ്ചേഞ്ച് ഹൗസുകൾക്ക് ഇതിനു മുമ്പും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.