ബഹിരാകാശരംഗത്ത് വീണ്ടും ചരിത്രമെഴുതി യു.എ.ഇ; സുൽത്താൻ അൽ നിയാദി യാത്ര തുടങ്ങി

അമേരിക്കയിലെ കെന്നഡി സ്‌പേസ് സ്റ്റേഷനിൽ നിന്നാണ് സുൽത്താൻ ഉൾപ്പെടെ നാല് യാത്രികരെ വഹിച്ചുള്ള പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്

Update: 2023-03-02 19:55 GMT
Advertising

യു എ ഇ: ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി യു എ ഇ. അറബ് ലോകത്ത് നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് യു എ ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് തിരിച്ചു. അമേരിക്കയിലെ കെന്നഡി സ്‌പേസ് സ്റ്റേഷനിൽ നിന്നാണ് സുൽത്താൻ ഉൾപ്പെടെ നാല് യാത്രികരെ വഹിച്ചുള്ള പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്. യു എ ഇ സമയം രാവിലെ 9.34 നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.

യു എ ഇയുടെ സുൽത്താൻ അൽ നയാദിക്ക് പുറമെ നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് റോക്കറ്റിലെ സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിലുള്ളത്. 25 മണിക്കൂറിലേറെ നീളുന്ന യാത്രപിന്നിട്ട് നാളെ രാവിലെ യു എ ഇ സമയം 10.17 ന് പേടകം അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ ഡോക്കിലിറങ്ങും.

ആറുമാസത്തോളം നാസയുടെ ക്രൂ സിക്‌സിന്റെ ഭാഗമായി സുൽത്താൻ അൽ നിയാദി സ്‌പേസ് സ്റ്റേഷനിൽ ഗവേഷണങ്ങളുമായി ചെലവിടും. 250 ലേറെ ഗവേഷണങ്ങളാണ് സംഘം ലക്ഷ്യമിടുന്നത്. സായിദ് മിഷൻ ടു എന്ന പേരിട്ട യു എ ഇയുടെ രണ്ടാം ബഹിരാകാശ ദൗത്യം വിജയകമരാണെന്ന് മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്റർ അറിയിച്ചു.

യാത്രയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ പ്രമുഖർ സ്‌പേസ് സെന്ററിൽ എത്തിയിരുന്നു. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് എന്നിവർ സുൽത്താൻ അൽ നയാദിയെ അഭിനന്ദിച്ചു. 2019 ൽ ഹസ്സ അൽ മൻസൂരിയാണ് യു എ ഇ ബഹിരാകാശത്തേക്ക് അയച്ച ആദ്യ യാത്രികൻ. ഏഴ് ദിവസമാണ് ഹെസ ബഹിരാകശത്ത് കഴിഞ്ഞത്.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News