നടന്നും തുണയാകാം; ഓരോ 1000 ചുവടുകൾക്കും 10 ദിർഹം സംഭാവന
'എ സ്റ്റെപ് ഫോർ ലൈഫ്' എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്
ദുബൈ: റമദാനിൽ നാം വെക്കുന്ന ഓരോ ചുവടുകളും ജീവകാരുണ്യ മേഖലക്കുള്ള സംഭാവനകളാക്കി മാറ്റാനുള്ള മികച്ച പദ്ധതിയുമായി ദുബൈ. ഇസ്ലാമിക അഫയേഴ്സ് ആന്‍റ് ചാരിറ്റബിൾ ആക്ടിവിറ്റീസ്ഡിപാർട്ട്മെന്റും ദുബൈ സ്പോർട്സ് കൗൺസിലും പ്ലാൻ ബി ഗ്രൂപ്പും ചേർന്നാണ് ഈ വേറിട്ട പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
'എ സ്റ്റെപ് ഫോർ ലൈഫ്' എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ജീവകാരുണ്യ-കായിക മേഖലകളെ സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഓരാളുടെ ഒരോ 1000 ചുവടുകൾക്കും 10 ദിർഹം വീതം ഇസ്ലാമിക കാര്യ വകുപ്പ് ജലീലിയ ഫൗണ്ടേഷന് നൽകും. 100 കോടി ചുവടുകൾ പൂർത്തിയാക്കുക വഴി 10 ലക്ഷം ദിർഹം അൽ ജലീലിയ ഫൗണ്ടേഷന് സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ തുക രോഗികളുടെ ചികിത്സക്കും ആരോഗ്യ രംഗത്തെ ഗവേഷണത്തിനും ഉപയോഗിക്കും. ആരോഗ്യ സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനവും ഒരേസമയം ചെയ്യാനുള്ള അവസരം കൂടിയാണ് സംഘാടകർ ഒരുക്കുന്നത്. ഓരാ ദിവസവും 10,000 സ്റ്റെപ്പെങ്കിലും പൂർത്തീകരിക്കുന്നവർക്ക് റാഫിൾ ഡ്രോയിലേക്ക് അവസരം ലഭിക്കും. റമദാന്‍റെ അവസാനം നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആപ്പിൾ വാച്ച് സമ്മാനമായി ലഭിക്കും. കൂടുതൽ ദിവസം ലക്ഷ്യം പൂർത്തീകരിക്കുന്നവർക്ക് വിജയ സാധ്യതയേറും. ഓരോ മിനിറ്റിലും എത്ര പേർ എത്ര ദൂരം നടന്നു എന്ന് ആപ്പിലൂടെ മനസിലാക്കാൻ കഴിയും.സ്റ്റെപ്പി (Steppi) എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് ആർക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാമെന്ന് സംഘാടകർ അറിയിച്ചു