പിശാചിന്റെ സ്തൂപം നിലകൊള്ളുന്ന ജംറാത്തില്‍ ഇന്നലെയും ഇന്നും വലിയ തിരക്ക്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരില്‍ പകുതിയിലേറെ പേര്‍ അവസാന കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി
പിശാചിന്റെ സ്തൂപം നിലകൊള്ളുന്ന ജംറാത്തില്‍ ഇന്നലെയും ഇന്നും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരില്‍ പകുതിയിലേറെ പേര്‍ അവസാന കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി.
മൂന്ന് സ്തൂപങ്ങളാണ് പിശാചിനെ പ്രതിനിധീകരിച്ച് മിനായിലെ ജംറാത്തില്‍ ഉള്ളത്. ജംറത്തുല്‍ സുഅറാ, ജംറത്തുല്‍ വുസ്ഥാ, ജംറത്തുല്‍ അഖബാ. പ്രവാചകന്‍ ഇബ്രാഹീം നബി ദൈവ നിര്‍ദേശ പ്രകാരം മകന്‍ ഇസ്മാഈലിനെ ബലിയറുക്കാന്‍ തീരുമാനിച്ചപ്പോള്‍ പിശാച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പിശാചിനെ ഇബ്രാഹിം നബി കല്ലെറിഞ്ഞോടിച്ചു. ഇതാണ് ഇസ്ലാമിക വിശ്വാസം. അതിന്റെ ഓര്‍മ പുതുക്കിയാണ് വിശ്വാസികള്‍ ജംറാത്തില്‍ കല്ലേറ് നടത്തുന്നത്. ഇവിടുത്തെ കല്ലേറിലൂടെ ജീവിതത്തിലെ പൈശാചിക ചിന്തകളെ കല്ലെറിഞ്ഞോടിക്കുകയാണ് വിശ്വാസികള്‍.
അറഫാ ദിനം കഴിഞ്ഞ് നാല് ദിവസമാണ് കല്ലേറ്. ഇന്ന് അവസാന ദിവസമാണ്. കല്ലേറ് കഴിഞ്ഞ് വിശ്വാസികള്‍ വിടവാങ്ങല്‍ പ്രദക്ഷിണത്തിന് നീങ്ങും. ഏറ്റവും തിരക്ക് പിടിച്ച ജംറാത്ത് ഇപ്പോള്‍ ബഹുനില കോംപ്ലക്സാണ്.