വെളുത്തുള്ളി മുതൽ വാൽനട്ട് വരെ; സന്ധിവാതം നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
സമീകൃതാഹാരം എല്ലുകളെ ശക്തിപ്പെടുത്തുക മാത്രമല്ല സന്ധികളിലുണ്ടാകുന്ന വീക്കം കുറക്കുകയും ചെയ്യും
പ്രായമുള്ളവരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് സന്ധിവാതമെന്ന ധാരണകൾ ഇപ്പോൾ മാറിവരികയാണ്. ചെറുപ്പക്കാരിലും സന്ധിവാതം കണ്ടുവരുന്നുണ്ട്. ശരീരസന്ധികളെ ബാധിക്കുന്ന ഈ അസുഖം മൂലം സന്ധികളില്‍ തേയ്‌മാനം, നീര്‍ക്കെട്ട്, വേദന, ഇഷ്ടാനുസരണം ചലിക്കാനാകാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാകുന്നു.
വൈകല്യങ്ങൾ തടയുന്നതിനും ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിനും സന്ധികളുടെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. സന്ധികൾ ക്ഷയിക്കാൻ തുടങ്ങുമ്പോഴോ വീക്കം അനുഭവപ്പെടുമ്പോഴോ ആണ് സന്ധിവേദന അനുഭവപ്പെടുന്നത്.
മരുന്നിനൊപ്പം ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് സന്ധിവേദന അകറ്റുന്നതിനുള്ള പ്രധാന മാർഗം. സമീകൃതാഹാരം എല്ലുകളെ ശക്തിപ്പെടുത്തുക മാത്രമല്ല സന്ധികളിലുണ്ടാകുന്ന വീക്കം കുറക്കുകയും ചെയ്യും. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ!
വെളുത്തുള്ളി
ഭക്ഷണത്തിൽ വെളുത്തുള്ളി കൂടി ചേർത്തോളൂ.. സന്ധിവീക്കം കുറക്കാനും വേദനയിൽ നിന്ന് മോചനം നേടാനും സഹായകമാകും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഡയലിൽ ഡിസൾഫൈഡ് ആണ് ഇത് സാധ്യമാക്കുന്നത്.
ചെറി
ആന്റിഓക്‌സിഡന്റുകളുടെയും ആന്തോസയാനിനുകളുടെയും മികച്ച ഉറവിടമാണ് ചെറി. ഇവ രണ്ടും പേശികളിലെയും നീർവീക്കം കുറക്കുന്നതിന് സഹായകമാണ്.
പച്ചമഞ്ഞൾ
മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ ഭൂരിഭാഗം ആളുകൾക്കും അറിയാം. നമ്മുടെ വീടുകളിൽ തന്നെ സുലഭമായ മഞ്ഞൾ കുർക്കുമിൻ എന്ന രാസവസ്തുവാൽ സമ്പന്നമാണ്. കുർക്കുമിൻ ശരീരത്തിലെ വീക്കം കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇഞ്ചി
മിക്ക വിഭവങ്ങളിലും ഒഴിച്ചുകൂട്ടാനാകാത്ത ഘടകമാണ് ഇഞ്ചി. നിരവധി ഔഷധ ഗുണങ്ങളുള്ള ഇഞ്ചി ചായയിൽ വരെ നാം ഉപയോഗിക്കാറുണ്ട്. സന്ധിവേദനക്കും ഉത്തമമാണ് ഇഞ്ചി. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിൽ വീക്കമുണ്ടാക്കാൻ കാരണമാകുന്ന വസ്തുക്കളുടെ ഉത്പാദനത്തെ തടയുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
വാൽനട്ട്സ്
വാൽനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കും. കൂടാതെ വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വീക്കം കുറയ്ക്കാനും സഹായകമാണ്.