'കോവിഡ് മരുന്നെന്ന് പറഞ്ഞ് കൊറോണില്‍ വില്‍ക്കരുത്'-രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി
മറ്റൊരു കേസില്‍ ഇന്ന് ബോംബെ ഹൈക്കോടതി പതഞ്ജലിക്ക് നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു
ന്യൂഡല്‍ഹി: പതഞ്ജലി ഉല്‍പന്നങ്ങള്‍ക്കെതിരായ സുപ്രിംകോടതി വിമര്‍ശനത്തിനു പിന്നാലെ ഡല്‍ഹി ഹൈക്കോടതിയിലും വിവാദ യോഗ ഗുരു ബാബാ രാംദേവിനു തിരിച്ചടി. കോവിഡിനെ ചെറുക്കുമെന്നു പറഞ്ഞ് പുറത്തിറക്കിയ കൊറോണില്‍ മരുന്നിനെതിരെയാണ് കോടതി പരാമര്‍ശം. കൊറോണില്‍ കോവിഡ് മരുന്നാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി.
വിവിധ ഡോക്ടേഴ്‌സ് അസോസിയേഷനുകള്‍ 2021ല്‍ നല്‍കിയ ഹരജികളിലാണ് കോടതി ഇടപെടല്‍. കോവിഡ് മരുന്നാണെന്നു പ്രചരിപ്പിച്ച് കൊറോണില്‍ വില്‍ക്കരുതെന്ന് ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് അനൂപ് ജയറാം ബംബാനി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് ലക്ഷക്കണക്കിനു പേര്‍ കോവിഡ് ബാധിച്ചു മരിക്കാന്‍ കാരണം അലോപതിയാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ മൂന്നു ദിവസത്തിനകം നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. രാംദേവ് വിവാദ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് എക്‌സിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
രാംദേവിനു പുറമെ സഹായി ആചാര്യ ബാലകൃഷ്ണ, പതഞ്ജലി ആയുര്‍വേദ എന്നിവയ്‌ക്കെതിരെയാണ് ഹരജിയുള്ളത്. കൊറോണിലിന് ഇമ്യൂണ്‍ ബൂസ്റ്റര്‍ ലൈസന്‍സ് മാത്രമേ ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി നല്‍കിയിട്ടുള്ളൂ. എന്നാല്‍, കോവിഡിനുള്ള മരുന്നാണെന്നു പറഞ്ഞാണ് ഇതു വില്‍ക്കുന്നതെന്നാണു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഋഷികേശ്, പാട്‌ന, ഭുവനേശ്വര്‍ എയിംസുകളിലെയും, ചണ്ഡിഗഢ്, പഞ്ചാബ്, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെയും വിവിധ ഡോക്ടേഴ്‌സ് അസോസിയേഷനുകളാണു കോടതിയെ സമീപിച്ചത്.
വ്യാജവാദങ്ങളുമായാണ് രാംദേവ് കൊറോണിലിന്റെ പ്രചാരണം നടത്തിയതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. കോവിഡിനുള്ള മറുമരുന്ന് എന്നു പറഞ്ഞാണ് പ്രചാരണമുണ്ടായിരുന്നതെന്നും ഹരജിക്കാര്‍ പറഞ്ഞു. ഹരജികളില്‍ 2021 ഒക്ടോബറില്‍ രാംദേവിനും മറ്റുള്ളവര്‍ക്കും ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചിരുന്നു. പതഞ്ജലിക്ക് ഇന്ന് ബോംബെ ഹൈക്കോടതി നാലു കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു. കമ്പനിയുടെ കര്‍പ്പൂരം ഉല്‍പന്നങ്ങള്‍ വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന 2023ലെ ഇടക്കാല ഉത്തരവ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. മംഗളം ഓര്‍ഗാനിക്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ട്രേഡ്മാര്‍ക്ക് ലംഘിച്ചെന്ന കേസിലായിരുന്നു കഴിഞ്ഞ വര്‍ഷം കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നത്.
നേരത്തെ, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 14 പതഞ്ജലി ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനുശേഷവും നിരോധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുകയും ഇവയുടെ പരസ്യം തുടരുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സുപ്രിംകോടതിയെ സമീപിച്ചു. തുടര്‍ന്ന് നിരോധിത ഉല്‍പന്നങ്ങളെല്ലാം പിന്‍വലിക്കണമെന്നും ഇവയുടെ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കിയോ എന്ന് ഉറപ്പാക്കണമെന്ന് അടുത്തിടെയും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
Summary: Delhi court orders Baba Ramdev, Patanjali to remove Coronil being Covid-19 cure