'ആശുപത്രികളിൽ സുരക്ഷ ശക്തമാക്കണം; സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം'-സ്ഥാപനമേധാവികൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്
അഴിമതി ആരോപണത്തിൽ ആർ.ജി കാർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ്‌ഘോഷിനെതിരെ കേസെടുത്തു
ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലും ആശുപത്രി പരിസരത്തും സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം. സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും വനിതാ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാപനമേധാവികൾക്ക് മന്ത്രാലയം കത്തയച്ചിരിക്കുകയാണ്. കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയുടെ പശ്ചാത്തലത്തിലാണു കേന്ദ്ര ഇടപെടൽ.
അതിനിടെ, ആർ.ജി കാർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ്‌ഘോഷിനെതിരെ കേസെടുത്തു. പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് നടത്തിയ ക്രമക്കേടിലാണു നടപടി. അഴിമതി ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഡോക്ടറുടെ പീഡനക്കൊലയിൽ റെസിഡന്റ് ഡോക്ടർമാരുടെ സംഘടന സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരാൻ സംഘടന അപേക്ഷ നൽകി. ഡോക്ടർമാരുടെ സുരക്ഷയ്ക്കായി കോടതി മാർഗനിർദേശം പുറപ്പെടുവിക്കണമെന്നാണ് റെസിഡന്റ് ഡോക്ടർമാരുടെ സംഘടന സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആർ.ജി കാർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകത്തിൽ ഞായറാഴ്ച സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സംഭവത്തിൽ ഹരജികൾ പരിഗണിക്കുന്നത്. കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും.
Summary: Union Health Ministry takes steps to increase security of health workers, doctors