സംസ്ഥാനത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ 69.35 കോടി; പദ്ധതികള്‍ക്ക് അംഗീകാരം
29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതിയായത്. 69.35 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് കേന്ദ്രാംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യദൗത്യം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആശുപത്രികളില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ പദ്ധതികള്‍ അനുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളുള്ള മാതൃശിശു മന്ദിരം പണിയുന്നതിനായി 6.16 കോടി രൂപ അംഗീകാരം നല്‍കി. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ വെയര്‍ഹൗസുകള്‍ നിര്‍മിക്കുന്നതിനായി 4.70 കോടി വീതം വകയിരുത്തി. കാസര്‍കോട് ടാറ്റ ആശുപത്രിയില്‍ പുതിയ ഒ.പി, ഐ.പി കെട്ടിടം പണിയുന്നതിന് 4.5 കോടി, മലപ്പുറം ജില്ലയില്‍ സ്‌കില്‍ ലാബ്, ട്രെയിനിങ് സെന്റര്‍ എന്നിവയ്ക്കായി 3.33 കോടി, എറണാകുളം ജില്ലയില്‍ പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഒ.പി ബ്ലോക്ക്, കാഷ്വാലിറ്റി എന്നിവ നവീകരിക്കാന്‍ 3.87 കോടി എന്നിങ്ങനെയും അംഗീകാരം നല്‍കി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയഗ്നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താനായി മൂന്നു കോടി, ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിന് 1.70 കോടി, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താന്‍ മൂന്നു കോടി, മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡ്, വയനാട് വൈത്തിരി ആശുപത്രിയില്‍ ഐ.പി ബ്ലോക്ക് ശക്തിപ്പെടുത്താന്‍ 1.50 കോടി, ഗൈനക് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് 2.09 കോടി, കണ്ണൂര്‍ പഴയങ്ങാടി ആശുപത്രിയില്‍ കാഷ്വാലിറ്റി ബ്ലോക്കിന് 2.10 കോടി, കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒാപറേഷന്‍ തീയറ്റര്‍ നവീകരിക്കുന്നതിന് 3.11 കോടി എന്നിങ്ങനെയും അംഗീകാരം നല്‍കിയിട്ടുണ്ട്.
Summary: Kerala Health Minister Veena George said that more projects worth 69.35 crores have been approved to provide more facilities in the field of health in the state.