ഉമിക്കരിയുടെ ഉപയോഗം പല്ലിന് അത്ര നല്ലതല്ല
ഉമിക്കരിയുടെ ഉപയോഗം പല്ലിന് ദോഷം ചെയ്യുന്നുവെന്നാണ് ആധുനിക ലോകത്തിലെ ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്
ഒന്നുകില്‍ ഉമിക്കരി, അല്ലെങ്കില്‍ മാവില മഴവില്‍ വര്‍ണ്ണങ്ങളിലുള്ള ടൂത്ത് പേസ്റ്റുകള്‍ മലയാളിയുടെ ദിനചര്യകളില്‍ സ്ഥാനം പിടിക്കുന്നതിന് മുന്‍പ് പല്ല് വൃത്തിയാക്കിയിരുന്ന വസ്തുക്കളായിരുന്നു ഇവ. ഉമിക്കരി ഉപയോഗിച്ച് പല്ല് തേച്ചാല്‍ അവ മുല്ലപ്പൂ പോലെ വെളുക്കുമെന്ന് മാത്രമല്ല, പല ഔഷധ ഗുണങ്ങളും പണ്ടുള്ളവര്‍ അതിന് കല്‍പിച്ചിരുന്നു. എന്നാല്‍ ഉമിക്കരിയുടെ ഉപയോഗം പല്ലിന് ദോഷം ചെയ്യുന്നുവെന്നാണ് ആധുനിക ലോകത്തിലെ ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
ഉമിക്കരിയില്‍ അടങ്ങിയിരിക്കുന്ന ഒരു തരം പശയാണ് പല്ലില്‍ പറ്റിപ്പിടിച്ച ചായക്കറ, മറ്റ് പാടുകള്‍ എന്നിവയെ നീക്കം ചെയ്ത് വെളുക്കാന്‍ സഹായിക്കുന്നത്. കുറച്ച് ഉമിക്കരിയും വെള്ളവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി പല്ല് തേച്ചാല്‍ അവ വെളുക്കുമെന്നുള്ള കാര്യം ശരിയാണ്, എന്നാല്‍ ഇത് പല്ലുകളുടെ ഇനാമലിനെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഓറല്‍ ഹെല്‍ത്ത് ഫൌണ്ടേഷന്‍ സിഇ ഡോ.നിഗേല്‍ കാര്‍ട്ടര്‍ പറഞ്ഞു. ഉമിക്കരി പല്ല് ശുചിയാക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി യാതൊരു തെളിവുകളുമില്ല. ഉമിക്കരിയുടെ ഔഷധ ഗുണങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. ഉമിക്കരിയുടെ ഉപയോഗം ദന്തനാശത്തിന് കാരണമാകുന്നതായി നിഗേല്‍ പറയുന്നു.