ആളെ കൊല്ലും വിഷാദരോഗം; രോഗബാധിതരുടെ എണ്ണം 300 കോടിയായി

Update: 2018-05-26 22:26 GMT
ആളെ കൊല്ലും വിഷാദരോഗം; രോഗബാധിതരുടെ എണ്ണം 300 കോടിയായി
Advertising

2020ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമായേക്കാവുന്ന രോഗം വിഷാദ രോഗമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്

ഇന്ന് ലോകാരോഗ്യദിനം. വിഷാദരോഗമാണ് ഇത്തവണ ലോകാരോഗ്യദിനത്തിലെ പ്രമേയം. ലോകത്തില്‍ 300 കോടി ആളുകള്‍ വിഷാദരോഗ ബാധിതരാണെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. രോഗം ശരിയായ രീതിയില്‍ കണ്ടുപിടിക്കാത്തും തക്കസമയത്ത് ചികിത്സ ലഭിക്കാത്തതുമാണ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.

2020ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമായേക്കാവുന്ന രോഗം വിഷാദ രോഗമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മുന്‍പ് 30-40 വയസ്സിനിടയിലുള്ളവരിലാണ് രോഗം കണ്ടിരുന്നതെങ്കിലും ഇന്ന് എല്ലാ പ്രായക്കാരെയും ബാധിച്ചുതുടങ്ങി. സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപെടാനും താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം എന്നിവയില്‍ രണ്ട് ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ചക്കാലം തുടര്‍ച്ചയായുണ്ടായാല്‍ വിഷാദരോഗമാണെന്ന് സംശയിക്കേണ്ടിവരും.

മസ്തിഷ്കത്തിലെ ചില ഭാഗങ്ങളില്‍ സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ കുറയുമ്പോഴാണ് വിഷാദരോഗം പിടിപെടുന്നത്. വിഷാദരോഗം കേരളത്തിലും സാധാരണ രോഗമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 100ല്‍ 9 പേര്‍ വിഷാദരോഗികളാണ്.

15 വര്‍ഷം കഴിഞ്ഞാല്‍ ഹൃദ്രോഗത്തിന് തൊട്ടുപിന്നിലായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന രോഗം വിഷാദരോഗമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കൃത്യമായി അവബോധം നല്‍കലാണ് രോഗബാധ കുറക്കാനുള്ള മാര്‍ഗം. ഉചിതമായ സമയത്ത് ഉചിതമായ ചികിത്സയും രോഗിക്ക് അനിവാര്യമാണ്.

Similar News