അജ്ഞാതരോഗം: പകല്‍ ഓടിച്ചാടി നടക്കുന്ന രണ്ടു കുട്ടികള്‍, സൂര്യന്‍ അസ്തമിച്ചാല്‍ തളര്‍ന്നുവീഴും, സംസാരശേഷി വരെ നഷ്ടമാകും
ചില സാങ്കല്‍പ്പിക കഥകളിലേതിനു സമാനമായ അനുഭവമാണ് പാകിസ്താനിലെ രണ്ടു കൊച്ചുകുട്ടികള്‍ക്ക് പറയാനുള്ളത്.
ചില സാങ്കല്‍പ്പിക കഥകളിലേതിനു സമാനമായ അനുഭവമാണ് പാകിസ്താനിലെ രണ്ടു കൊച്ചുകുട്ടികള്‍ക്ക് പറയാനുള്ളത്. അതും സഹോദരങ്ങള്‍. ഇവരെ മാധ്യമങ്ങള്‍ 'സോളാര്‍ കിഡ്സ് ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഒമ്പതും 13 ഉം വയസുള്ള ഈ കുട്ടികള്‍ക്ക് ബാധിച്ചിരിക്കുന്ന അജ്ഞാതരോഗം തന്നെയാണ് ഈ വിശേഷണത്തിന്റെ പിറകില്‍. സൂര്യപ്രകാശത്തിന്റെ ഊര്‍ജത്തില്‍ പകല്‍സമയം ആരോഗ്യത്തോടെ ഓടിച്ചാടി ജീവിക്കുകയും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ തളര്‍വാതം പിടിപെട്ടവരുടെ അവസ്ഥയിലാവുകയും ചെയ്യുന്നതാണ് ഈ സഹോദരങ്ങളുടെ രോഗാവസ്ഥ. പകല്‍ സമയം ഇവര്‍ക്ക് ഇങ്ങനെയൊരു രോഗമുണ്ടെന്ന് ആരും പറയില്ല.
എന്നാല്‍ സൂര്യന്‍ അസ്തമിച്ചാല്‍, ഇവര്‍ തളര്‍ന്നുവീഴും. ഒന്നനങ്ങാനോ സംസാരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാവും ഇവര്‍. പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ ജാവേദ് അക്രം ഈ കുട്ടികളെ പരിശോധിച്ചെങ്കിലും ഇവരുടെ രോഗാവസ്ഥയ്ക്കു പിന്നിലെ കാരണം നിഗൂഡമായി തുടരുകയാണെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ ടെസ്റ്റുകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം മാത്രമെ രോഗാവസ്ഥ സംബന്ധിച്ച് എന്തെങ്കിലും സൂചനകള്‍ പോലും ലഭിക്കൂവെന്നാണ് അക്രമിന്റെ അഭിപ്രായം. ഇവരുടെ രക്ത സാമ്പിളുകളും മറ്റും വിദേശരാജ്യങ്ങളിലെ വിദഗ്ധ മെഡിക്കല്‍ സെന്ററുകളിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂര്യനില്‍ നിന്നു ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ഇവരുടെ ജീവിതക്രമമെന്നാണ് വിദഗ്ധര്‍ പറയുന്നത്.