ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്ന 8 ഭക്ഷണങ്ങള്‍
വിറ്റാമിന്‍ സി,ബി,ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് നാരങ്ങ
പാടുകളില്ലാത്ത തിളക്കമുള്ള ചര്‍മ്മം ആരും ആഗ്രഹിക്കും. എന്നിട്ട് അതിന് വേണ്ടി വഴിയില്‍ കാണുന്ന വില കൂടിയതും അല്ലാത്തതുമായ സൌന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ പ്രയോഗിക്കുകയും ചെയ്യും. അടുക്കളയിലേക്കോ തൊടിയിലോ ഒന്നു നോക്കിയാല്‍ നമ്മുടെ ചര്‍മ്മം നന്നാക്കാനുള്ള പല വസ്തുക്കളും ഇവിടെയുണ്ടാകും. അധികം ചെലവില്ലാത്ത ഇവ കൊണ്ട് യാതൊരു ദോഷവശങ്ങളില്ലതാനും.
1.ചെറുനാരങ്ങ- കണ്ടാല്‍ ചെറുതെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ചെറുനാരങ്ങ വമ്പന്‍ തന്നെയാണ്. വിറ്റാമിന്‍ സി,ബി,ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് നാരങ്ങ. മുട്ടയുടെ വെളളയും ചെറുനാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുത്ത ശേഷം മുഖം തണുത്ത വെളളത്തില്‍ കഴുകുക. മുഖക്കുരുമാറാനും കരിവാളിപ്പ് കുറയാനും മുഖത്തിന്റെ നിറം വര്‍ദ്ധിക്കാനും ചെറുനാരങ്ങാ നീരുപയോഗിച്ചുള്ള ഇത്തരം മാസ്‌ക്കുകള്‍ വളരെ നല്ലതാണ്. ചെറുനാരങ്ങ വളരെ ഫലപ്രദമായ പ്രകൃതിദത്ത ക്ലെന്‍സറാണ്. അതുകൊണ്ടുതന്നെ വിലകൂടിയ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കുന്നതിനു പകരം ചെറുനാരങ്ങ ഉപയോഗിക്കാന്‍ സാധിക്കും. കാല്‍മുട്ടുകള്‍ കൈമുട്ടുകള്‍ കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് നിറം മാറാനും ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങയുടെ തോട് കൊണ്ട് കറുത്ത നിറമുള്ള ഭാഗങ്ങളില്‍ സ്ഥിരമായി ഉരസുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും.
2.ക്യാബേജ്- പച്ചക്കറികളിലെ രാജാവാണ് ക്യാബേജ്, എന്നാല്‍ സൌന്ദര്യ സംരക്ഷണത്തിന്റെ റാണിയാണ് ക്യാബേജ് എന്ന് എത്രപേര്‍ക്കറിയാം. വിറ്റാമിന്‍ സി,എ,കെ എന്നിവയാല്‍ സമ്പന്നമാണ് ക്യാബേജ്. ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാനും ഫ്രഷ് ലുക്ക് നല്‍കാനും ഉത്തമ്മാണ്. ജ്യൂസ് അടിച്ചു കുടിക്കുകയോ സാലഡായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതാണ് നല്ലത്.
3.ഉരുളക്കിഴങ്ങ്- പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ബ്ലീച്ചിംഗ് വസ്തുവാണ് ഉരുളക്കിഴങ്ങ്. ചര്‍മ്മം തിളക്കമുള്ളതാക്കി മാറ്റാന്‍ ഇവക്ക് സാധിക്കും. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറ്റാന്‍ ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതി.
4.ഓറഞ്ച്- ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും നല്ലതാണ്. ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഉപകരിക്കും.
5.അവാക്കാഡോ- മലയാളികള്‍ക്ക് പരിചയപ്പെട്ടുവരുന്നതേയുള്ള അവക്കാഡോ എന്ന വിദേശ പഴത്തെ. വിപണിയില്‍ സുലഭമായ ഇവ സൌന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ആന്റി ഓക്സിഡന്റുകളായ ലൂട്ടെയ്ന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ മൃദുലമാക്കാന്‍ ഇവ സഹായിക്കുന്നു. അവാക്കാഡോയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി നോക്കൂ അതിശയിപ്പിക്കുന്ന മാറ്റം കാണാം.
6.തക്കാളി- വൈറ്റമിന്‍ സി, കെ തുടങ്ങിയവ അടങ്ങിയിരിയ്ക്കുന്ന തക്കാളി ആരോഗ്യത്തിന് അത്യുത്തമമാണ്. അതിലുപരിയായി സൗന്ദര്യത്തിനും തക്കാളി ഏറെ നല്ലതാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി.
തക്കാളി തേന്‍, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്ക്കും. അതുപോലെ തക്കാളി നാരങ്ങാനീരില്‍ കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള്‍ ചെറുതാക്കും. തക്കാളി നീരും തൈരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേച്ചാല്‍ സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും. മുഖത്തെ പാടുകളും വടുക്കളും മാറ്റാനും തക്കാളിക്ക് കഴിയും. ഇതിലെ വൈറ്റമിന്‍ എ, സി, കെ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. തക്കാളി മുറിച്ച് മുഖത്ത് അല്‍പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും കുക്കുമ്പര്‍ ജ്യൂസുംകൂട്ടിച്ചേര്‍ത്ത് മുഖത്തു തേക്കാം. അല്‍പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും. തേനും തക്കാളി നീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്‍മം തിളങ്ങാന്‍ നല്ലതാണ്.
7.ബീറ്റ്റൂട്ട്-മുഖക്കുരു അകറ്റാന്‍ നല്ലതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാനും മുഖം തിളങ്ങാനും സഹായിക്കും. ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ തേയ്‌ക്കുന്നത് ചുണ്ടിന്റെ ചുവപ്പ് നിറം വര്‍ദ്ധിപ്പിക്കും.
8. ക്യാരറ്റ്- ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയാന്‍ ക്യാരറ്റിന് സാധിക്കും. ക്യാരറ്റിലടങ്ങിയ വിറ്റാമിന്‍ ഇ,സി,കരോടോള്‍ എന്നിവ സൂര്യപ്രകാശത്തിന്റെ ദോഷങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും.