കുട്ടി കരയുമ്പോള്‍ ഫോണ്‍ കൊടുക്കുന്ന അമ്മമാര്‍ അറിയാന്‍....

Update: 2018-06-01 06:46 GMT
കുട്ടി കരയുമ്പോള്‍ ഫോണ്‍ കൊടുക്കുന്ന അമ്മമാര്‍ അറിയാന്‍....
Advertising

മൊബൈല്‍ ഫോണിനെ കുഞ്ഞിന്റെ അമ്മയാക്കാതെ...

നിങ്ങള്‍ എന്തെങ്കിലും ജോലിത്തിരക്കിലായിരിക്കുമ്പോള്‍ കുട്ടി ആവശ്യമില്ലാതെ കരയാറുണ്ടോ.. കുട്ടികളെ സമാധാനിപ്പിക്കാനും നിങ്ങളുടെ ജോലി ബുദ്ധിമുട്ടില്ലാതെ തീര്‍ക്കാനും എന്താണ് നിങ്ങള്‍ ചെയ്യാറ്? ഇന്നത്തെ കാലത്തെ മിക്ക അമ്മമാരുടെയും എളുപ്പവഴി, കരയുന്ന കുട്ടിയുടെ കയ്യില്‍ ഫോണ്‍ നല്‍കുക എന്നതാണ്. അല്ലെങ്കില്‍ ഐപാഡ്... കുട്ടികള്‍ സ്മാര്‍ട്ടായി വളരുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരു സ്മാര്‍ട്ടായ തീരുമാനമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

നാളെ മുതല്‍ 12 വരെ സാന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന പീഡിയാട്രിക് അക്കാദമിക് സൊസൈറ്റി മീറ്റിംഗില്‍ അവതരിപ്പിക്കാനായി തയ്യാറാക്കിയ പഠനത്തിലുള്ളത്, ഇന്നത്തെ അമ്മമാര്‍ അറിയേണ്ട ചില കാര്യങ്ങളാണ്.

ആറുമാസത്തിനും രണ്ടുവയസ്സിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ കൂടുതല്‍ സമയം ഫോണില്‍ കളിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍, അത് അത്തരം കുട്ടികളില്‍ സംസാരവൈകല്യത്തിനോ, സംസാരം നേരം വൈകുവാനോ ഇടയാക്കുമെന്നാണ് പഠനം പറയുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്‍ലൈറ്റ്, ഇലക്ട്രോണിക് ഗൈയിം എല്ലാമാണ് ഇവിടെ വില്ലനായി വരുന്നത്.

മൊബൈല്‍ എന്ന മാധ്യമം ആശയവിനിമയ രംഗത്ത് എന്ത് തടസ്സമാണ് സൃഷ്ടിക്കുന്നത് എന്ന വിഷയത്തില്‍ ഈ രംഗത്തെ ആദ്യ പഠനാണ് ഇതെന്ന് ടൊറോണ്ടോയിലെ സിക് ചില്‍ഡ്രന്‍ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധയായ ഡോക്ടര്‍ കാതറിന്‍ ബിര്‍കെന്‍ പറയുന്നു.

900 കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കിയത്. ഒന്നരവയസ്സിനുള്ളില്‍ തന്നെ മൊബൈല്‍ ഫോണില്‍ തങ്ങളുടെ കുട്ടികള്‍ ദിവസവും കളിക്കുന്നുണ്ടെന്ന് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. ഈ കുട്ടികള്‍ ഭാഷാപരമായി ആശയവിനിമത്തിന് എത്രമാത്രം വളര്‍ച്ച കൈവരിച്ചുവെന്നാണ് പ്രധാനമായും ഗവേഷകര്‍ നിരീക്ഷിച്ചത്. 20 ശതമാനം കുട്ടികള്‍ ദിവസം 28 മിനിറ്റോളം ഫോണില്‍ ചെലവഴിക്കുന്നുവെന്ന് കണ്ടെത്തി. അത് 30 മിനിറ്റില്‍‌ കൂടുതല്‍ ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ സംസാരശേഷി കൈവരിക്കുന്നതില്‍ 49 ശതമാനം പിറകിലാണെന്നും കണ്ടെത്തി.

കുടുംബാംഗങ്ങളുമായുള്ള വീഡിയോ ചാറ്റിംഗിലല്ലാതെ ഒന്നരവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ മൊബൈല്‍ ഫോണുമായി അടുപ്പിക്കരുതെന്നും ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. ഫോണിലെ ശബ്ദവും മറ്റ് ചലനങ്ങളും ചെറിയ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുകയും, അത് മാതാപിതാക്കളുമായുള്ള ആത്മബന്ധത്തിന് കുറവ് വരുത്താന്‍ കാരണമാകുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഒന്നരവയസ്സുമുതല്‍ 2 വയസ്സുവരെയുള്ള കാലയളവില്‍ പൂര്‍ണ മൊബൈല്‍സ്ക്രീന്‍ നിരോധമാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.

കുട്ടികള്‍ ഭാഷ പഠിക്കുന്നത്, സംസാരിക്കാന്‍ പഠിക്കുന്നത് മുതിര്‍ന്നവരുമായുള്ള ആശയവിനിമയത്തിലൂടെയാണ്. അധിക സമയം കുട്ടികളോട് ആശയവിനിമയം നടത്താത്തവരാണ് മാതാപിതാക്കളെങ്കില്‍ ആ കുട്ടികളുടെ പദസമ്പത്ത് കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കളിക്കുകയും, കഥപറഞ്ഞുകൊടുക്കുകയും, പാട്ടുപാടിക്കൊടുക്കുകയും, വെറുതെ സംസാരിക്കുകയും ചെയ്തിരുന്ന സമയമാണ് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ കവരുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Tags:    

Similar News