ഹെഡ്ഫോണ്‍ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്നത് കേള്‍വി ശക്തി നശിപ്പിക്കുന്നതായി പഠനം
ഷാര്‍ജ യൂണിവേഴിസ്റ്റി ആശുപത്രിയിലെ സീനിയര്‍ ഓഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് അയാസിന്റെ പഠന റിപ്പോര്‍ട്ട് താമസിയാതെ പുറത്തുവരും
ഹെഡ്ഫോണ്‍ ഉപയോഗിച്ച് ഉച്ചത്തില്‍ സംഗീതം ആസ്വദിക്കുന്നത് പുതുതലമുറയുടെ കേള്‍വി ശക്തി നശിപ്പിക്കുന്നതായി പഠനം. ഷാര്‍ജ യൂണിവേഴിസ്റ്റി ആശുപത്രിയിലെ സീനിയര്‍ ഓഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് അയാസിന്റെ പഠന റിപ്പോര്‍ട്ട് താമസിയാതെ പുറത്തുവരും. നവജാത ശിശുക്കളില്‍ കേള്‍വിശക്തി പരിശോധന നിര്‍ബന്ധമാക്കിയത് UAE യില്‍ ബധിരത കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്ഫോണുകള്‍ സുരക്ഷിതമല്ലാത്ത ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പുതുതലമുറയില്‍ കേള്‍വിശക്തി 35 ശതമാനം വരെ കുറയാന്‍ കാരണമായിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് അയാസ് പറയുന്നു. നവജാത ശിശുക്കളില്‍ കേള്‍വിശക്തി പരിശോധന നിര്‍ബന്ധമാക്കിയതോടെ കുട്ടികളില്‍ ആറുമാസത്തിനകം ശ്രവണസഹായികള്‍ ഘടിപ്പിച്ച് അവരെ ശബ്ദത്തിന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്നുണ്ട്.നാട്ടില്‍ ഇപ്പോഴും കുട്ടികളിലെ കേള്‍വി പരിശോധന വേണ്ടത്ര കാര്യക്ഷമമല്ല.
അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഓഡിയോളജി സര്‍ട്ടിഫിക്കേഷനുള്ള യു എ ഇയിലെ ഏക ഓഡിയോളജിസ്റ്റാണ് കണ്ണൂര്‍ സ്വദേശിയായ ഡോ. മുഹമ്മദ് അയാസ്. ഷാര്‍ജ യൂണിവേഴ്സിറ്റി ആശുപത്രി ഈ രംഗത്ത് നടത്തിയ പഠനത്തിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹമിപ്പോള്‍.