ഗര്‍ഭനിരോധ കുത്തിവെയ്പ് സ്ത്രീകളില്‍ എച്ച്ഐവിക്ക് കാരണമാകുന്നുവെന്ന് പഠനം

Update: 2018-06-01 08:00 GMT
ഗര്‍ഭനിരോധ കുത്തിവെയ്പ് സ്ത്രീകളില്‍ എച്ച്ഐവിക്ക് കാരണമാകുന്നുവെന്ന് പഠനം
Advertising

സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും അസ്ഥിക്ഷയത്തിനും വന്ധ്യതയ്ക്കും ഈ കുത്തിവെപ്പ് കാരണമാകുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു..

ഗര്‍ഭനിരോധത്തിനായി വ്യത്യസ്തവഴികള്‍ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ കുടുംബാസൂത്രണത്തിനായി സ്ത്രീകളിലുപയോഗിക്കുന്ന ഡിപ്പോ മേഡ്രോക്‌സി പ്രൊജസ്‌ട്രോണ്‍ അസറ്റേറ്റ് അഥവാ ഡിപ്പോ പ്രോവേറ (ഡിഎംപിഎ) എച്ച്ഐവിക്ക് കാരണമാകുന്നുവെന്നാണ് പുതിയ പഠനം. കുത്തിവെപ്പിലൂടെയുള്ള ഈ ഗര്‍ഭനിരോധ മരുന്ന് സ്ത്രീകളില്‍ 40 ശതമാനം വരെ എച്ച്ഐവി അണുബാധയ്ക്ക് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നുമാസം കൂടുമ്പോഴാണ് ഈ ഇഞ്ചക്ഷന്‍ സാധാരണയായി എടുക്കാറ്.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മിഷന്‍ പരിവാര്‍ വികാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗര്‍ഭനിരോധ കുത്തിവെയ്പ്പ് പദ്ധതിക്ക് രാജ്യത്ത് തുടക്കം കുറിക്കുന്നത്. ഡിപ്പോ മേഡ്രോക്‌സിപ്രൊജസ്‌ട്രോണ്‍ അസറ്റേറ്റ് അഥവാ ഡിപ്പോ പ്രോവേറ (ഡിഎംപിഎ) എന്ന മരുന്നാണ് രാജ്യത്തിന്‍റെ വിവിധ ഗ്രാമങ്ങളിലും ഗര്‍ഭനിരോധനത്തിനായി ഈ പദ്ധതിപ്രകാരം ഉപയോഗിച്ചു വരുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും അസ്ഥിക്ഷയത്തിനും വന്ധ്യതയ്ക്കും ഈ കുത്തിവെപ്പ് കാരണമാകുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കേന്ദ്രത്തിന്‍റെ നൂതന മാര്‍ഗ്ഗം ഉപയോഗിക്കുന്നവര്‍ക്ക് പ്രോത്സാഹമെന്ന നിലയ്ക്ക് നൂറുരൂപയും കേന്ദ്രം ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്.

2024ലോടെ ഇന്ത്യയുടെ ജനസംഖ്യാനിരക്ക് ചൈനയേക്കാളും മുന്നിലാകുമെന്ന ആശങ്കയാണ് ഇന്ത്യയുടെ ഈ നീക്കത്തിനു പിന്നില്‍. ഇതിന്‍റെ അപകടസാധ്യതകളെ പറ്റി പറയാതെയാണ് ഈ കുത്തിവയ്പ്പുകള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും സ്ത്രീകള്‍ക്ക് നല്‍കിവരുന്നതെന്ന് സ്ത്രീകളുടെ അവകാശ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എച്ച്ഐവിക്ക് സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ കൂടുതലായി മറ്റ് ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും പഠനത്തിന് നേതൃത്വത്തിന് നല്‍കിയ സൌത്ത് ആഫ്രിക്കയിലെ കേപ്പ് ടൌണ്‍ സര്‍വകലാശാലയിലെ ജാനറ്റ് പി ഹാപ്ഗുഡ് മുന്നറിയിപ്പ് നല്‍‌കുന്നു. ഗവേഷണത്തിന്‍റെ ഭാഗമായി മൃഗങ്ങളെയും കോശങ്ങളെയും സംഘം പഠനത്തിലുള്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News