മഞ്ഞളിന്റെ ഔഷധ ഗുണത്തിന് മുന്നില്‍ വേദനസംഹാരികള്‍ മാറി നില്‍ക്കും
ഔഷധ ഗുണങ്ങളുടെ കാര്യമെടുത്താല്‍ പാരാസെറ്റാമോള്‍ തുടങ്ങിയ വേദനസംഹാരികള്‍ നമ്മുടെ മഞ്ഞളിന്റെ മുന്നില്‍ മാറിനില്‍ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ച് നേരത്തെ അറിയാവുന്നരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ട് മഞ്ഞളില്ലാത്ത കറികളുടെ എണ്ണമെടുത്താല്‍ വളരെ കുറവാണ്. ഔഷധ ഗുണങ്ങളുടെ കാര്യമെടുത്താല്‍ പാരാസെറ്റാമോള്‍ തുടങ്ങിയ വേദനസംഹാരികള്‍ നമ്മുടെ മഞ്ഞളിന്റെ മുന്നില്‍ മാറിനില്‍ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുക്രുമിന്‍ കായികതാരങ്ങള്‍ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ പെട്ടെന്ന് ഭേദമാക്കുമെന്നും മറ്റ് പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ ധൈര്യമായി ഉപയോഗിക്കാമെന്നും പറയുന്നു. ഇറ്റലിയിലെ മിലാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെല്ലജ റിസര്‍ച്ചാണ് പഠനം നടത്തിയത്. ആര്‍ത്രൈറ്റീസ്, ക്യാന്‍സര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും മികച്ച പ്രതിവിധിയാണ് മഞ്ഞളെന്നും പഠനത്തില്‍ പറയുന്നു.
സൌത്ത് മിലാനിലെ ഇറ്റാലിയന്‍ പ്രീമിയിര്‍ പിയാന്‍സ ക്ലബ്ബിലെ 50 റഗ്ബി കളിക്കാരെ കേന്ദ്രീകരിച്ചാണ് സംഘം പഠനം നടത്തിയത്. മസില്‍, എല്ല് സംബന്ധമായ പ്രശ്നങ്ങള്‍ അനുവഭവിക്കുന്നവരായിരുന്നു ഇവര്‍. ഇതില്‍ കുറച്ചു പേര്‍ക്ക് കുക്രുമിന്‍ അടങ്ങിയ ടാബ്‍ലറ്റ് പത്ത് ദിവസം നല്‍കി, മറ്റുള്ളവര്‍ക്ക് സാധാരണ ഗുളികയും. ഫലം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഫ്രാന്‍സോ ഡി പിയറോ പറഞ്ഞു. പഠനത്തിന്റെ വിശദാംശങ്ങള്‍ യൂറോപ്യന്‍ റിവ്യൂ ഫോര്‍ മെഡിക്കല്‍ ആന്‍ഡ് ഫാര്‍മകോളജിക്കല്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും മഞ്ഞളിലെ കുക്രുമിന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.