എന്തുകൊണ്ടാണ് നമുക്ക് പരീക്ഷകളെ ഇഷ്ടമല്ലാത്തത്?

Update: 2018-06-05 11:41 GMT
എന്തുകൊണ്ടാണ് നമുക്ക് പരീക്ഷകളെ ഇഷ്ടമല്ലാത്തത്?
Advertising

പരീക്ഷയ്ക്ക് ഇറങ്ങും മുമ്പ് നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍

മാര്‍ച്ച് മാസം വെറും ചൂടുകാലം മാത്രമല്ല, പരീക്ഷാചൂടുകാലം കൂടിയാണ്. ജീവിതത്തില്‍ എന്തിനാണ് പരീക്ഷ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. മനുഷ്യജീവിതം തന്നെ പരീക്ഷകളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും തോല്‍വികളേറ്റുവാങ്ങിയും വിജയിച്ചും കെട്ടിപ്പെടുത്തതാണ്.

എന്തുകൊണ്ടാണ് നമുക്ക് പരീക്ഷകളെ ഇഷ്ടമല്ലാത്തത്?

  • തോൽവികളെ ഭയക്കുന്നത്
  • പഠനം ബുദ്ധിമുട്ടായി കരുതുന്നത്
  • പഠിച്ചത് മറന്നു പോകുമോയെന്ന ഭയം
  • മറ്റുള്ളവർക്കൊപ്പം എത്താൻ കഴിയില്ല എന്ന ആത്മവിശ്വാസക്കുറവ്
  • മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക
  • മാതാപിതാക്കൾക്ക് നാണക്കേട് ആകും എന്നുള്ള അങ്കലാപ്പ്
  • പഠിക്കുന്നതേ ഇഷ്ടമല്ല. പോകുന്ന വഴിയ്ക്ക് ജീവിതം പോകട്ടേ എന്ന അലസ ചിന്ത.
  • പരീക്ഷകളെ പറ്റിയുള്ള ചില മിഥ്യാധാരണകള്‍
  • പരീക്ഷയിൽ കിട്ടുന്ന മാർക്ക് ആണ് ബുദ്ധി, കഴിവ് എന്ന് അളക്കുന്നത്
  • പരീക്ഷ വിജയം എന്നാൽ ജീവിത വിജയം എന്നുള്ള ധാരണ
  • നല്ല മാർക്ക് കിട്ടിയാൽ മാത്രം നല്ല ജോലി കിട്ടും എന്ന ധാരണ
  • പരീക്ഷയിൽ തോറ്റാൽ ജീവിതത്തിൽ തോറ്റു എന്ന് കരുതുന്നത്
  • തോൽവികൾ മരണതുല്യം എന്ന് പർവതീകരീക്കുന്നത്

പരീക്ഷാകാലത്ത് കുട്ടികള്‍ പറയുന്ന അസുഖങ്ങളെല്ലാം ഒരു സ്ഥിരം സ്വഭാവത്തിലുള്ളവയായിരിക്കും.

പരീക്ഷാകാലം ഉത്കണ്ഠകളുടെ കൂടി കാലമാണ്:

  • നെഞ്ചിടിപ്പ്
  • കൈകാൽ തളരുന്നത്
  • വയറ്റിൽ പൂമ്പാറ്റ പറക്കുന്നത് പോലെ അനുഭവപ്പെടൽ
  • തലമരവിപ്പ്
  • മറവി
  • ശ്രദ്ധ കുറവ്‌
  • ഉറക്കമില്ലായ്മ
  • പരീക്ഷ ഹാളിൽ എത്തുമ്പോൾ എല്ലാം മറന്നു പോകുമോ എന്നൊക്കെയുള്ള ഭയം
  • ചിലർക്ക് ദേഷ്യവും കരച്ചിലുമൊക്കെ വരും
  • ഭക്ഷണത്തിനോട് വെറുപ്പ്
  • തലവേദന
  • ശാരീരിക അസ്വസ്ഥത
  • മുടികൊഴിച്ചിൽ

പരീക്ഷാകാലത്തെ ഉത്കണ്ഠയകറ്റാം:

ആദ്യ കടമ്പ പരീക്ഷകളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ഒളിച്ചോടാതിരിക്കുകയെന്ന നിലപാട് കൈകൊള്ളുക എന്നതാണ്. യുദ്ധത്തിനെ അഭിമുഖീകരിക്കുമ്പോൾ തന്നെ പകുതി യുദ്ധം ജയിച്ചെന്നല്ലേ...? പിന്നെ ഉത്കണ്ഠ കുറയ്ക്കാൻ വേണ്ടതുപോലെ തയ്യാറെടുക്കുക എന്നതാണ്. ആ തയ്യാറെടുപ്പിൽ ഏറ്റവും പ്രധാനം പഠിക്കുക എന്നത് തന്നെ. വേറെ കുറുക്ക് വഴികളില്ല. സ്വന്തം ബുദ്ധിയിലും ഓർമ്മ ശക്തിയിലും അമിത വിശ്വാസമുള്ളവർ പരീക്ഷയ്ക്ക് തലേന്ന് ബുക്കെടുക്കുമായിരിക്കും. പക്ഷേ നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതാണ് നല്ലത്.

ഇത്തരം തയ്യാറെടുപ്പുകൾ കൃത്യമായ പാഠ്യക്രമം വഴിയും പഠിച്ചത് ഓർത്തു വയ്ക്കാനുള്ള കുറുക്ക് വഴികൾ കൊണ്ടുമാകാം.. എത്ര പഠിച്ചാലും ചിലത് മറക്കാം. തയ്യാറെടുപ്പുകൾ പോരാത്തതിനാൽ, പുനർവായന ഇല്ലാത്തതിനാൽ, ആവശ്യത്തിന് വിശ്രമിക്കാതിരിയ്ക്കുന്നതിനാൽ, മനസ്സിനെ അലട്ടുന്ന ചിന്തകൾ ഉണ്ടെങ്കിൽ ... എല്ലാം, പഠിച്ചത് മറന്നത് തന്നെ. അപ്പോൾ എങ്ങനെ ആണ് പഠിക്കേണ്ടത്, എവിടെയാണ് പഠിക്കേണ്ടത്, എപ്പോഴാണ് പഠിക്കേണ്ടത്? പഠിക്കുന്നത് ഓർമ്മയിൽ നിലനിർത്താൻ വേണ്ടി എന്തൊക്കെ ചെയ്യാം?

പഠിക്കുന്നത് മറന്നുപോകുന്നതാണോ നിങ്ങളുടെ പ്രശ്നം?:

  • ഉള്ള സമയം ഏറ്റവും നന്നായി ഉപയോഗിക്കുക എന്നുള്ളതാണ് പ്രധാനം. തയ്യാറെടുപ്പിനുള്ള സമയവും പഠിക്കാനുള്ള വിഷയങ്ങൾക്ക് അനുസരിച്ച് ഒരു സമയക്രമവും ഉണ്ടാക്കണം.
  • പരീക്ഷാകാലത്ത് 24 മണിക്കൂറിൽ 8 മുതൽ 12 മണിക്കൂർ എങ്കിലും പഠനത്തിനായി കണ്ടെത്താം. 6 മണിക്കൂർ എങ്കിലും ഉറക്കത്തിനായി മാറ്റിവച്ചാലും ഭക്ഷണം കഴിക്കാനും, കുളിക്കാനും, റിലാക്സ് ചെയ്യാനും പിന്നെയും കിടക്കുന്നു 6 മണിക്കൂർ.
  • പാഠ്യവിഷയങ്ങളെ തരംതിരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.
  • പ്രാധാന്യമുള്ള വിഷയങ്ങൾ, ഭാഗങ്ങൾ, മുൻ വർഷത്തെ ചോദ്യപ്പേപ്പറുകളിൽ ചോദിച്ചിട്ടുള്ളവ എന്ന് തരംതിരിക്കാം. ഒരിക്കലെങ്കിലും പഠിച്ചത്, ഒട്ടും അറിയാത്തത്, വീണ്ടും റിവൈസ് ചെയ്യേണ്ടവ എന്ന രീതിയിൽ ക്രമീകരിക്കാം. ഉള്ള സമയം കൊണ്ട് കൂടുതൽ ഉൾക്കൊള്ളുകയെന്നതാണ് ഈ പരീക്ഷകാലത്തെ ലക്ഷ്യം.
  • പഠിക്കാനുള്ള സ്ഥലം ശ്രദ്ധ നിലനിർത്താൻ പാകത്തിനുള്ള സ്ഥലമായിരിയ്ക്കണം. ആവശ്യത്തിന് കാറ്റും വെളിച്ചവും ഇരുന്നു വായിക്കാനും നടക്കാനുമൊക്കൊയുള്ള സ്ഥലം ആയാൽ നല്ലത്.
  • ഏറ്റവും ശ്രദ്ധിച്ചു വായിക്കാൻ കഴിയുന്ന സമയത്ത് പഠിച്ചു തുടങ്ങാം. അത് അതിരാവിലെ ഉണർന്ന് ശീലമുള്ളവരാണെങ്കിൽ അങ്ങനെ തുടരാം, ഉറക്കം ആവശ്യത്തിന് ലഭിച്ചു പഠിക്കുന്നതാണ് ഉറക്കമൊഴിഞ്ഞിരുന്ന് പഠിക്കുന്നതിനെക്കാൾ നല്ലത്. കാരണം നല്ല ഉറക്കമാണ് പഠിച്ചത് പലതും ഓർമ്മകളിൽ ഉറപ്പിക്കുന്നത്. അതായത് ഉറങ്ങി തന്നെ പഠിക്കണം എന്ന് സാരം.
  • വലിച്ചു വാരിയുള്ള ഭക്ഷണം ഒഴിവാക്കാം. ഇടക്കിടക്ക് വെറുതെ കൊറിക്കുന്നതും നല്ലതല്ല. ആവിയിലുള്ള ഭക്ഷണം തന്നെയാണ് പ്രാതലിന് നല്ലത്. സമയത്തിന് ഭക്ഷണം കഴിക്കുക. ചെറുപഴം, പഴവർഗങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ക്ഷീണം തോന്നാതിരിക്കാനും സഹായിക്കും.
  • ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും ക്ഷീണം തോന്നാതിരിക്കാൻ വേണ്ടത്‌ തന്നെ.
  • അയഞ്ഞ വസ്ത്രം ധരിക്കുന്നതും, ചെറു വ്യായാമം ചെയ്യുന്നതും, ശ്വാസത്തിലേക്ക് ശ്രദ്ധിച്ചു അൽപം നേരം ശാന്തമായിരിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും.
  • ഈ ചൂട് കാലത്ത് കുളി ഒഴിവാക്കാൻ പാടില്ല എന്ന് പറയേണ്ടതില്ലല്ലോ.
  • എഴുതിയും വരച്ചും പഠിക്കാനുള്ള സാധന സാമഗ്രികൾ സമീപത്തു തന്നെയുണ്ടായിരിക്കുക.
  • ഏറ്റവും ഫ്രഷായിരിക്കുമ്പോൾ ഏറ്റവും ഏകാഗ്രത വേണ്ട വിഷയങ്ങൾ പഠിക്കാം.
  • എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ച് പഠിച്ചാൽ പെട്ടെന്ന് മറക്കില്ലായെന്ന ഗുണമുണ്ട്.
  • ഉറക്കെ വായിച്ചു, അക്ഷരങ്ങളിൽ വിരലോടിച്ചു, വർണ്ണപേനകൾ കൊണ്ട് അടിവരയിട്ട്, കുറിപ്പുകൾ തയ്യാറാക്കി, എഴുന്നേറ്റ് നടന്നു എങ്ങനെ വേണമെങ്കിലും പഠിക്കാം.
  • മറ്റൊരാളെ പഠിപ്പിക്കുന്നതായി സങ്കല്പിച്ചു പഠിക്കാം.
  • ചിത്രങ്ങളുണ്ടാക്കി അതിലേക്ക് വിവരങ്ങൾ സംയോജിപ്പിച്ച് പഠിയ്ക്കാം.
  • Mnemonics, Acronym ഓർത്തു വയ്ക്കാനുള്ള കുറുക്ക് വഴികളാണ്. വാക്കുകൾ കൂട്ടിയോജിപ്പിച്ചും കൊച്ചു വാക്യങ്ങൾ ഉണ്ടാക്കിയും കൂടുതൽ വിവരങ്ങൾ സംഗ്രഹിച്ച് ഓർത്തു വയ്ക്കാം.
  • പണ്ട് പഠിച്ച കാര്യങ്ങളിലേക്ക് പുതിയ കാര്യങ്ങൾ കൂട്ടി യോജിപ്പിച്ച് ഓർത്തു വയ്ക്കുന്നതിനെയാണ് pegging എന്ന് പറയുന്നത്. പഴയ ഓർമകളിൽ പുതിയ വിവരങ്ങൾ തൂക്കിയിടുന്നത് (വസ്ത്രങ്ങൾ തൂക്കുന്നപോലെ).
  • വലിയ അക്കങ്ങൾ/പാഠഭാഗങ്ങൾ കഷണങ്ങൾ ആയി മുറിച്ചു ഓർക്കുന്നതിനെ Chunking എന്ന് പറയുന്നു
  • ഒരൊറ്റ പേജിൽ ഒരു പടത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒരു പാഠഭാഗം മുഴുവൻ കൂട്ടിയോജിപ്പിച്ച് പഠിക്കുന്നതിനെ mind mapping എന്ന് പറയുന്നു. കൊച്ചു കുറിപ്പുകൾ ആയി flash cards, flow chart, Notes ഒക്കെ പഠിക്കാൻ സഹായിക്കുന്ന കുറുക്കു വഴികളാണ്. നോട്സ് പിൻ ചെയ്തു വായിക്കുന്ന ബോർഡുകളുണ്ടാക്കുന്നതും പഠനത്തിന് സഹായിക്കും.

ഇങ്ങനെയും പഠിക്കാം:

  • ഇത്തരം പഠനരീതികളോടൊപ്പം ഒരു റിവിഷൻ പ്ലാനും തയ്യാറാക്കാം. സമയക്രമവും പ്ലാനും അനുസരിച്ച് പഠിയ്ക്കാൻ മാനസികമായി തയ്യാറാവുക.
  • മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായം സ്വീകരിക്കാം. സംശയം തീർക്കാനും, താങ്ങാകാനും ഇവരൊക്കെ തന്നെയാണ് ബെസ്റ്റ്‌.
  • സങ്കീർണമായ വിഷയങ്ങൾ കൂടിച്ചേർന്ന് പഠിക്കുന്ന Combined Study രീതിയും നല്ലത് തന്നെ. എന്നാൽ കൂടെ പഠിയ്ക്കുന്നവർ ശ്രദ്ധ കളയുന്നവരോ ഉത്കണ്ഠ കൂട്ടുന്നവരോ ആകാൻ പാടില്ല.
  • പോസിറ്റീവ് എനർജി തരുന്നവരുമായുള്ള സമ്പർക്കം പഠനത്തിന് ആവേശം കൂട്ടുന്നതാകണം.
  • 40 മുതൽ 50 മിനിറ്റ് വരെ പഠിച്ചിട്ട് ഒരു 10 മിനിറ്റ് വിശ്രമം എന്ന കണക്കിലാകാം പഠിത്തം.
  • ഫോണും ടാബ്‌ലറ്റുമെല്ലാം മാറ്റി വെയ്ക്കാം, ഒരു മണിക്കൂറിൽ കൂടുതൽ ശ്രദ്ധ വഴിമാറ്റുന്ന ശീലങ്ങളും വേണ്ടെന്ന് വയ്ക്കാം.
  • വിശ്രമം എന്നാൽ ടി.വി കാണലും, കളിക്കാൻ പോകുന്നതോ, ഭക്ഷണം കഴിയ്ക്കലോ അല്ല. ശാന്തമായി ഉലാത്തുന്നതോ, കണ്ണുകൾ അടച്ചു കുറച്ചു നേരം ഇരിയ്ക്കുന്നതും, പ്രകൃതി ഭംഗി ആസ്വദിക്കുന്നതൊക്കെ ആകാം.
  • ശ്വസനക്രിയകൾ ആകാം
  • പാട്ട് കേൾക്കാം
  • പ്രാർത്ഥിക്കാം
  • കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാം,
  • കണ്ണാടി നോക്കി സ്വയം പോസിറ്റീവ് ആയി കരുതുന്ന കാര്യങ്ങൾ പറയാം.

കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തങ്ങൾ:

  • കുട്ടികളെ കുറ്റപ്പടുത്താതിരിക്കുക,
  • മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക
  • ഉത്കണ്ഠ വർധിപ്പിക്കുന്ന കാര്യങ്ങൾ പറയാതിരിക്കുക
  • വേണ്ട നിയന്ത്രണങ്ങൾ നിഷ്ക്കർഷിക്കാം, അവ സ്വയവും പാലിക്കുക
  • ശ്വാസംമുട്ടിക്കുന്ന രീതിയിൽ നിർദ്ദേശങ്ങൾ നല്കി പുറകേ നടക്കാതിരിക്കാം
  • കുട്ടി ആർജിക്കുന്ന വിവരവും മൂല്യങ്ങളുമാണ് മാർക്കുകളേക്കാൾ പ്രധാനം എന്ന് മാതാപിതാക്കൾ മനസ്സിലാക്കണം, കുട്ടികളേയും മനസ്സിലാക്കിക്കുക.

പരീക്ഷാദിനത്തിലും വേണം ഒരല്‍പ്പം അടുക്കും ചിട്ടയും:

  • പരീക്ഷാ ദിവസങ്ങളിൽ കൊണ്ടു പോകേണ്ട ഹാൾടിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എടുത്തു തയ്യാറാക്കി വയ്ക്കുക.
  • അതിവേഗവായനയിലൂടെയുള്ള റിവിഷനാകും ഫലപ്രദം.
  • പുതിയ പാഠങ്ങൾ അവസാന നിമിഷം പഠിക്കാൻ ശ്രമിയ്ക്കുന്നത് ഫലം ചെയ്തേക്കില്ല.
  • മിതഭക്ഷണം, ആവശ്യത്തിനുള്ള ഉറക്കം, കുളി, ചിട്ടയോടെയുള്ള പ്രഭാതകൃത്യങ്ങൾ പരീക്ഷ ദിനത്തിന്റെ തയ്യാറെടുപ്പുകളിൽ ഉൾപ്പെടുത്തുക.
  • കൃത്യസമയത്ത് പരീക്ഷാഹാളിലെത്താനും നിർദ്ദേശങ്ങൾ വേണ്ട വിധം വായിച്ചു മനസ്സിലാക്കി എഴുതി തുടങ്ങുക.
  • അറിയുന്നത് ആദ്യം വെടിപ്പോടുകൂടി എഴുതുക.
  • നെഗറ്റീവ്‌മാർക്ക് ഇല്ലെങ്കിൽ എഴുതേണ്ട എല്ലാ ചോദ്യങ്ങളും അറിയുന്ന വിധം ചിട്ടയോടെ എഴുതുക.
  • അറിയുന്ന വിവരങ്ങൾ വലിച്ച് വാരി എഴുതാതിരിയ്ക്കുക.
  • പ്രാക്ടിക്കലിന് തയ്യാറെടുക്കുന്നവർ ആത്മവിശ്വാസം നഷ്ടപ്പെടാത്ത രീതിയിൽ ചോദ്യങ്ങളെ അഭിമുഖീകരിക്കുക. അറിയാത്ത കാര്യങ്ങൾ അവതരിപ്പിച്ചു കുഴിയിൽ ചാടാതിരിക്കുക.

ഒരു തെറ്റ് പറഞ്ഞെന്നതോ ചെയ്യുന്നതോ ഒരു തോൽവിയോ ലോകാവസാനമല്ലായെന്ന് കുട്ടികളും കുടുംബവും തിരിച്ചറിയുക. കാരണം പരീക്ഷകളുടെ മുദ്രാവാക്യം "Prepare for the worst, Do your best, Forget the rest" എന്നതാണ്. ഒരല്‍പ്പം കഷ്ടപ്പെട്ട് കിട്ടുന്ന വിജയത്തിനാണ് മധുരം കൂടുതല്‍

ഓർക്കുക, ഈ കാലവും കടന്ന് പോകും. പരീക്ഷയിൽ കിട്ടുന്ന മാർക്കുകളുടെ അടിസ്ഥാനത്തിൽ അല്ല നിങ്ങൾ ഓർക്കപ്പെടാൻ പോകുന്നത്. എന്നാൽ നിങ്ങളുടെ ആത്മവിശ്വാസത്തിനെയും മനസ്സിനെയും ഉറപ്പിക്കുന്ന വളർച്ചയുടെ പടവുകളാണ് ഓരോ വിജയവും ഓരോ പരാജയവും. അതിനാൽ പരീക്ഷയ്ക്കല്ല, പഠിയ്ക്കുന്നതിന് വേണ്ടി "ഓൾ ദ് ബെസ്റ്റ്".

കടപ്പാട്: ഡോക്ടര്‍മാരുടെ കൂട്ടായ്മയായ അമൃതകിരണം ഫെയ്സ്ബുക്ക് പേജ്

Tags:    

Similar News