ചുക്കുകാപ്പി മാത്രം കൊടുത്ത് നിസാരനാക്കേണ്ടവനല്ല തൊണ്ടവേദന....

അലർജി, വായുവിലെ ചില പദാർത്‌ഥങ്ങൾ, ഉറക്കെ ഒച്ചയിടേണ്ടി വരിക, ചിലയിനം അർബുദങ്ങൾ എന്നിവയും തൊണ്ടവേദനയുണ്ടാക്കാം. മരണകാരണം പോലുമാകാവുന്ന ഡിഫ്‌തീരിയയുടെ പ്രധാനലക്ഷണവും തൊണ്ട വേദനയാണ്‌. 

Update: 2018-06-19 07:38 GMT
Advertising

നിപയുയര്‍ത്തിയ ഭീതിക്ക് തെല്ല് ആശ്വാസമായെങ്കിലും മറ്റ് വൈറസ് പനികളുയര്‍ത്തുന്ന ഭീതിക്ക് ശമനമായിട്ടില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് കേരളത്തില്‍ പനിക്കാലങ്ങള്‍ക്കും പേര് മാറിമാറിവരുന്നുണ്ട്. വേനല്‍ക്കാലത്ത്, വിയര്‍പ്പ് തലയില്‍കുടിച്ചതിനാല്‍, ഒന്ന് തണുക്കാന്‍ ആശ്വാസം തേടുന്ന ഐസ്ക്രീം പറ്റാത്തതിനാല്‍, മഴക്കാലമോ മഞ്ഞുകാലമോ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട, പനിയോടു കൂടിയ തൊണ്ടവേദനയ്ക്കും, പനിയോ ജലദോഷമോ കൂട്ടില്ലാത്ത തൊണ്ടവേദനയ്ക്കും പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട.

തന്റെ സെക്കന്‍റ് ഒപ്പീനിയന്‍ എന്ന ഫെയ്സ് ബുക്ക് കുറിപ്പിലൂടെ ഇത്തവണ ഡോക്ടര്‍ ഷിംന അസീസ് പങ്കുവെക്കുന്നത് തൊണ്ടവേദനയും ടോൺസിലൈറ്റിസും ഉണ്ടാക്കുന്ന അസ്വസ്ഥകളെ കുറിച്ചും അവ വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചുമാണ്.

ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം:

ചിലർക്ക് മഴ പെയ്‌താലും ഐസ്‌ക്രീം കഴിച്ചാലും മുങ്ങിക്കുളിച്ചാലും ചുമക്കുന്നവരുടെ മുന്നിൽ വെറുതേ പോയി നിന്നാലുമൊക്കെ കിട്ടുന്ന ഒന്നുണ്ട്- തൊണ്ടവേദന. മറ്റു ചില ഭാഗ്യം ചെയ്‌തോർക്ക്‌ വേദനയുടെ കൂടെ തൊണ്ടയുടെ അപ്പുറവും ഇപ്പുറവും ദ്വാരപാലകൻമാരെപ്പോലെ അവൻമാരുമുണ്ടാകും, വീർത്ത്‌ നീരുകെട്ടിയ ടോൺസിലുകൾ.

ചിലരുടെ വർത്താനം കേൾക്കുമ്പോൾ അണ്ണാക്ക്‌ ചൊറിഞ്ഞു വരുന്നത്‌ സ്വാഭാവികം മാത്രം. ഇങ്ങനെ ശരിക്കും ചൊറിച്ചിലും അസ്വസ്‌ഥതയുമൊക്കെയായി തുടങ്ങി പിന്നെ പനി, മൂക്കൊലിപ്പ്‌, ചെവിവേദന, കടുത്ത തൊണ്ടവേദന, വെള്ളമിറക്കാൻ പോലും ബുദ്ധിമുട്ട്‌, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്‌ എന്നിങ്ങനെയെല്ലാമുള്ള ലക്ഷണങ്ങളിൽ എത്തിച്ചേരുന്ന ഈ രോഗത്തിന്‌ കാരണങ്ങൾ പലതുണ്ട്. തൊണ്ടയിലും സമീപത്തുള്ള ടോൺസിലുകൾ എന്ന പ്രതിരോധവ്യവസ്‌ഥയുടെ ഭാഗമായ ഗ്രന്‌ഥികൾക്കും ബാധിക്കുന്ന വിവിധ അണുബാധകളാണ്‌ പൊതുവായി ഈ അവസ്‌ഥക്ക്‌ കാരണം.

ഏറ്റവും സാധാരണമായി വൈറസുകളാണ്‌ ഈ രോഗമുണ്ടാക്കുന്നത്‌. നമ്മുടെ 'ജലദോഷപ്പനി'യും മീസിൽസ്‌ വൈറസും ചിക്കൻപോക്‌സ്‌ വൈറസുമെല്ലാം തൊണ്ടവേദനയുണ്ടാക്കാം. സ്‌ട്രെപ്‌റ്റോകോക്കൈ എന്ന ബാക്‌ടീരിയ ഉൾപ്പെടെ പല ജാതി സൂക്ഷ്‌മാണുക്കൾക്കും നമ്മുടെ തൊണ്ടയോട്‌ വലിയ മുഹബ്ബത്താണ്‌. അലർജി, ശ്വസിക്കുന്ന വായുവിലെ അസ്വസ്ഥതാ ജനകമായ പദാർത്‌ഥങ്ങൾ, അമിതമായി ഒച്ചയിടേണ്ടി വരുന്നത്‌, അപൂർവ്വമായി ചിലയിനം അർബുദങ്ങൾ എന്നിവയും തൊണ്ടവേദനയുണ്ടാക്കാം. കൊറൈൻബാക്‌ടീരിയം ഡിഫ്‌തീരിയേ എന്ന ബാക്‌ടീരിയ ഉണ്ടാക്കുന്ന മരണകാരണം പോലുമാകാവുന്ന ഡിഫ്‌തീരിയയുടെ പ്രധാനലക്ഷണവും തൊണ്ട വേദനയാണ്‌. എല്ലാ തൊണ്ടവേദനയും ഇതല്ലെങ്കിലും അമ്പിനും വില്ലിനും അടുക്കാതെ തൊണ്ട വേദനിച്ചാൽ ചുക്കുകാപ്പി തിളപ്പിച്ച്‌ വീട്ടിലിരിക്കരുത്‌.

എപ്പോഴാണ്‌ ചികിത്സ തേടേണ്ടത്‌?

ശക്‌തമായ പനി വരിക, വായ തുറക്കാൻ വയ്യാത്ത വിധം തൊണ്ടവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്‌, രക്‌തം തുപ്പുക, ചെവിവേദന ഉണ്ടാവുക, ദുസ്സഹമായ തലവേദന ഇതിലേതെങ്കിലുമൊക്കെ തുടങ്ങിയാൽ വീട്ടുചികിത്സ തുടരരുത്‌. അതുവരെ ഉപ്പിട്ട ചൂടുവെള്ളം കവിൾ കൊള്ളുക, ധാരാളം ചൂടുവെള്ളം കുടിക്കുക, ആവി കൊള്ളുക, വേദനസംഹാരി കഴിക്കുക തുടങ്ങിയവയാവാം. ബാക്‌ടീരിയ ഉണ്ടാക്കുന്ന രോഗമെങ്കിൽ, ആന്റിബയോട്ടിക്കുകൾ വേണ്ടിവരും. മറ്റു കാരണങ്ങൾ കൊണ്ടെങ്കിൽ അതിന്‌ ചികിത്സ നിർദേശിക്കും. ചുരുക്കത്തിൽ തൊണ്ടവേദന ഒരു ചെറിയ വേദനയല്ലെങ്കിലും ബേജാറാകണ്ടാന്ന്‌, നമുക്ക് ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ...

വാൽക്കഷ്‌ണം : തൊണ്ടയിൽ പാട മൂടി, ആ പാട വളർന്ന്‌ കടുത്ത ശ്വാസതടസം ഉണ്ടാകുന്നതാണ്‌ ഡിഫ്‌തീരിയയുടെ പ്രധാനലക്ഷണം എന്നറിയാമല്ലോ. 'മൂടുന്നതെല്ലാം പാടയല്ല' എന്ന്‌ മനസ്സിലാക്കുക. ടോൺസിലൈറ്റിസ്‌, വായ്‌പ്പുണ്ണ്‌, വായിലെ പൂപ്പൽ, വിൻസെന്റ്‌സ്‌ ആൻജൈന എന്ന രോഗം, തൊണ്ടയിലെ അപകടങ്ങൾ മൂലമുണ്ടാകുന്നത്‌, എന്ന്‌ തുടങ്ങി രക്‌താർബുദം പോലും 'അത്‌ താനല്ലയോ ഇത്‌' എന്ന മട്ടിൽ തൊണ്ടയിൽ പാട മൂടിക്കാം. ഇവയിൽ നിന്നാണ്‌ ചിലപ്പോഴെങ്കിലും ഡിഫ്‌തീരിയയാണോ എന്ന്‌ സംശയിച്ച്‌ തൊണ്ടയിലെ സ്രവം പരിശോധനക്ക്‌ വിടുന്നത്‌ കാണാറുള്ളത്‌. ആ സംശയമാണ്‌ ചിലപ്പോൾ രോഗം കണ്ടെത്തുന്നത്‌, മറ്റു ചിലപ്പോൾ രോഗമില്ലെന്ന ആശ്വാസവാർത്തയാകുന്നത്‌. ഓരോ രോഗത്തിനുമുണ്ട്‌ ഇത്തരം അപരൻമാർ. ലക്ഷണവും രോഗി പറയുന്ന രോഗചരിത്രവും ഡോക്‌ടറുടെ അറിവും എല്ലാം കൂടിച്ചേരുന്നതിന്റെ ഒരു കൂട്ടായ ഫലമാണ്‌ രോഗനിർണയവും ചികിത്സയും. അത്‌ കൊണ്ടാണ്‌ ഓരോ രോഗിയും വ്യത്യസ്‌തരാകുന്നത്‌, അവരോരോരുത്തരും വേറിട്ടൊരു കഥയും കഥാപാത്രവുമാകുന്നത്‌...

സെക്കൻഡ്‌ ഒപീനിയൻ - 031 ചിലർക്ക് മഴ പെയ്‌താലും ഐസ്‌ക്രീം കഴിച്ചാലും മുങ്ങിക്കുളിച്ചാലും ചുമക്കുന്നവരുടെ മുന്നിൽ വെറുതേ...

Posted by Shimna Azeez on Monday, June 18, 2018
Tags:    

Similar News