ഇന്ത്യയില്‍ ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതല്‍ കേരളത്തില്‍

ലിംഗഭേദമന്യേ രാജ്യത്ത് ഹൃദയാഘാത സാധ്യത ഏറ്റവും കൂടിയ സംസ്ഥാനം കേരളമെന്ന് പഠന റിപ്പോര്‍ട്ട്.

Update: 2018-06-21 06:11 GMT
Advertising

ലിംഗഭേദമന്യേ രാജ്യത്ത് ഹൃദയാഘാത സാധ്യത ഏറ്റവും കൂടിയ സംസ്ഥാനം കേരളമെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയേറെ. ഹൃദയാഘാത സാധ്യത കുറഞ്ഞ സംസ്ഥാനം ജാര്‍ഖണ്ഡെന്നും ‌റിപ്പോര്‍ട്ടില്‍ പറയുന്നു.

2012-14 കാലയളവില്‍ രാജ്യത്തെ 34നും 70നും ഇടയില്‍ പ്രായമുള്ള 8 ലക്ഷത്തില്‍ അധികം പേരില്‍ നടത്തിയ പഠനത്തിലാണ് കേരളത്തിന് ആശങ്കാജനകമായ കണക്കുകള്‍ ഉള്ളത്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാവരില്‍ 19.5 ശതമാനം പേര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയേറേയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീ പുരുഷ ഭേദമില്ലാതെ കേരളത്തില്‍ അസുഖ സാധ്യതയുണ്ട്. ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഉള്‍പ്പടെയുള്ള ഗവേഷകര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചത് പിഎല്‍ഓസ് മെഡിസിന്‍ എന്ന ജേണലാണ്. ജാര്‍ഖണ്ഡാണ് ഹൃദയാഘാത സാധ്യത കുറഞ്ഞ സംസ്ഥാനം.

Full View

ഹിമാചല്‍ പ്രദേശ്, നാഗാലാന്റ് എന്നിവിടങ്ങളില്‍ 24.23 ശതമാനം പുരുഷന്‍മാര്‍ക്ക് ഹൃദയാഘാത സാധ്യതയുണ്ട്. എന്നാല്‍ ഗോവയില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതല്‍. കേരളത്തിലെ നഗരങ്ങളില്‍ 19.9 ശതമാനം പേര്‍ക്കും ഗ്രാമങ്ങളില്‍ 19.23 ശതമാനം പേര്‍ക്കും ഹൃദയാഘാത സാധ്യതയുണ്ട്. നഗരങ്ങളില്‍ തൊട്ടുപിറകില്‍ പശ്ചിമ ബംഗാളും ഹിമാചല്‍ പ്രദേശുമാണ്. ദാമനിലെയും ബിഹാറിലെയും നഗരങ്ങളിലാണ് ഹൃദയാഘാത സാധ്യത കുറവുള്ളത്.

ഗ്രാമങ്ങളില്‍ നഗരങ്ങളേക്കാള്‍ പൊതുവേ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കുറവാണെങ്കിലും ഗോവയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഭക്ഷണ രീതിയും വ്യായാമക്കുറവും നഗരങ്ങളിലുള്ളവരുടെ ആരോഗ്യനില നശിപ്പിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ വില്ലനാകുന്നത് പുകവലിയാണ്.

Tags:    

Similar News