രാജ്യത്ത് മാതൃമരണനിരക്ക് കുറവ് കേരളത്തില്‍; പുരസ്കാരം ഏറ്റുവാങ്ങി ആരോഗ്യമന്ത്രി
2014- 2016 വർഷത്തില്‍ കേരരളത്തിലെ മാതൃമരണ നിരക്ക് ലക്ഷത്തിൽ 46ആണ്. ദേശീയ തലത്തിൽ മാതൃമരണനിരക്ക് 130 ഉള്ളപ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് രേഖപ്പെടുത്തിയതിനുള്ള ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയില്‍ നിന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നിലവിൽ ഒരുലക്ഷത്തിൽ 46 ആയ മാതൃ മരണ നിരക്ക് 2020 ഓടെ 30 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
2014- 2016 വർഷത്തെ മാതൃമരണ നിരക്കിന്റെ ഔദ്യോഗിക കണക്കുകൾ രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യയാണ് പുറത്ത് വിട്ടിരുന്നത്. ഈ കണക്കുകൾ പ്രകാരം കേരളത്തിലെ മാതൃമരണ നിരക്ക് ലക്ഷത്തിൽ 46ആണ്. ദേശീയ തലത്തിൽ മാതൃമരണനിരക്ക് 130 ഉള്ളപ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് മാതൃമരണനിരക്ക് കുറവുള്ള മറ്റു രണ്ട് സംസ്ഥാനങ്ങൾ. നിലവിൽ ശിശു മരണ നിരക്ക് കുറയ്ക്കുന്ന കാര്യത്തിലും കേരളം പുരോഗതി കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ലക്ഷത്തിൽ 12 ആയിരുന്ന ശിശു മരണ നിരക്ക് 10 ആയി കുറക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ 2020 ഓടെ ഇത് ഒറ്റ സംഖ്യയിലേത്തിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു.